താന്‍ ചെയ്യുന്നത് കൂടുതലും അമ്മ വേഷങ്ങളാണെന്നും ചെയ്ത അമ്മ വേഷങ്ങളില്‍ ചിലത് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും നടി അഞ്ജലി.
മോഹന്‍ലാലിന്റെ അമ്മയായി പുലിമുരുകനിലും ദുല്‍ഖറിന്റെ അമ്മയായി കമ്മട്ടിപാടത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. അതില്‍ പുലിമുരുകനിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യേണ്ടയിരുന്നില്ലെന്ന് തനിക്ക് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നു എന്നാണ് അഞ്ജലി പറയുന്നത്.
മറുപടി എന്ന ചിത്രത്തില്‍ റഹമാന്റെ കൂടെ പള്ളിയിലെ മദര്‍ ആയി അഭിനയിച്ചതിനെ പറ്റിയും അഞ്ജലി പറഞ്ഞു. ക്ലബ്ബ് എഫ്.എമിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി തന്റെ അമ്മ വേഷങ്ങളെ പറ്റി സംസാരിച്ചത്.
‘യാദൃശ്ചികമായാണ് കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയാകുന്നത്. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. അതിനുശേഷം കുട്ടികളായ കഥാപാത്രമെല്ലാം വലുതായി. ദുല്‍ഖറെല്ലാം സെറ്റില്‍ വന്നു. പിന്നെ എന്റെ കഥാപാത്രം മരിക്കുകയാണ്. അപ്പോഴേക്കും മേക്കോവറെല്ലാം നടത്തി നരയൊക്കെ ചെയ്തു. മുത്തുമണിചേച്ചിയൊക്കെ ‘അമ്മേ കണ്ടോ ഇവന്‍ ചെയ്യുന്നത്..’ എന്ന ഡയലോഗ് എന്റെ അടുത്ത് വന്നു പറയുമ്പോള്‍ എനിക്കത് ഒരു ഭയങ്കര അനുഭവമായിരുന്നു.
ആ സമയത്ത് രാജീവ് രവി സാറിനോട് എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്തുകൊണ്ടാണ് ഞാന്‍ ആ കഥാപാത്രത്തോട് നോ പറയാതിരുന്നത് എന്ന് ഞാന്‍ ഇപ്പോഴും ആലോചിക്കും ആ കഥാപാത്രം ചെയ്യേണ്ടായിരുന്നു എന്ന് തോന്നിട്ടുണ്ട്. കാരണം മുത്തുമണി ചേച്ചിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നു ആ സീനുകളൊക്കെ ചെയ്യാന്‍. ഡയലോഗ് പറയുന്ന കാര്യത്തിലൊക്കെ ഞങ്ങള്‍ക്ക് ഒരു പരിതിയുണ്ടായിരുന്നു.
പിന്നെ വീണ്ടും മറുപടി എന്ന് ചിത്രത്തില്‍ റഹ്‌മാന്‍ സാറാണ് കൂടെയുണ്ടായിരുന്നത്. ആ ചിത്രത്തില്‍ ഞാന്‍ ഒരു കന്യാസ്ത്രീയുടെ കഥാപാത്രമാണ്. റഹമാന്റെയൊക്കെ ചെറുപ്പത്തില്‍ ഞാന്‍ പള്ളിയിലെ സിസ്റ്ററും പിന്നെ അവര്‍ വലുതാകുമ്പോള്‍ പള്ളിയിലെ മദറും ആകും. അപ്പോള്‍ ഇവര്‍ വന്ന് എന്നോട് അമ്മേയെന്നെല്ലാം പറയുന്ന ആ സീന്‍ ചെയ്യാന്‍ സാറിന് ഭയങ്കര ബുദ്ധിമുട്ടായി.
എനിക്ക് ഈ കുട്ടിയുടെ മുഖത്ത് നോക്കി അമ്മേ എന്ന് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞ് റഹ്‌മാന്‍ സാര്‍ ഷൂട്ട് നിര്‍ത്തിവെപ്പിച്ചു. പിന്നെ എല്ലാവരുകൂടി അദ്ദേഹത്തെ സമാധാനിപ്പിച്ച് പറഞ്ഞ് മനസിലാക്കി. ഞാനും പറഞ്ഞു, സാര്‍ കുഴപ്പമില്ല പണ്ടത്തെ സിനിമയിലും അങ്ങനെ പ്രായമൊന്നും നോക്കിയല്ലലോ അഭിനയിക്കുന്നത് എന്ന്. അങ്ങനെയാണ് അദ്ദേഹം അത് അവസാനം ചെയ്യുന്നത്,’ അഞ്ജലി പറഞ്ഞു.
Content Highlight: Actress Anjali nair about her Mother roles