ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രം നടി അഞ്ജലി നായകരുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ സരിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനായി അവസരം ലഭിച്ചിരുന്നെങ്കിലും താന്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറയുന്നു.
ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലേക്ക് ക്ഷണം കിട്ടിയിരുന്നു. ഒന്നുരണ്ട് കാരണത്താല്‍ അത് വേണ്ടെന്ന് വെച്ചു. ഒന്ന് ലാംഗ്വേജിന്റെ പ്രശ്‌നം. രണ്ട് എനിക്കങ്ങനെ തെലുങ്ക് ചെയ്ത് തമിഴ് ചെയ്ത് ഹിന്ദിയിലെത്തണമെന്നൊന്നും ഒരു ആഗ്രഹമോ ലക്ഷ്യമോ ഇല്ല.
അതുകൊണ്ട് ഞാന്‍ ജീത്തു സാറിനോട് പറഞ്ഞു തെലുങ്ക് സിനിമാ രംഗത്തുള്ള ഏതെങ്കിലും ഭാഗ്യവതിയാവട്ടെ ആ കഥാപാത്രം ചെയ്യുന്നതെന്ന്. അഭിനയിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ അതിയായ സന്തോഷം തോന്നുകയും ചെയ്തു.
ഇത്രയും വലിയ ഒരു ക്യാരക്ടര്‍ തെലുങ്കു ഭാഷ അറിയാതെ ഞാന്‍ ഏറ്റെടുക്കുന്നതിന്റെ ഒരു ടെന്‍ഷനും മൂന്നുമാസക്കാലം മലയാളത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള ബുദ്ധിമുട്ടും തോന്നിയിരുന്നു.
ഇതൊന്നുമല്ലാതെ വേറൊരു കാരണം കൂടിയുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 10 ന് എന്റെ മോളുടെ ബര്‍ത്ത് ഡെ ആയിരുന്നു. ഈ വര്‍ഷം ആ ദിവസം മോളുടെ കൂടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 10 ന് ഞാന്‍ മോളുടെ കൂടെയുണ്ടായില്ല.
ജിബൂട്ടി എന്ന സിനിമയില്‍ അഭിനയിക്കാന്‍ ആഫ്രിക്കയില്‍ പോയിരുന്നു. ലോക്ക്ഡൗണ്‍ വന്ന് അവിടെ പെട്ടുപോയി. 15 ദിവസത്തെ വര്‍ക്കിന് പോയിട്ട് മൂന്നുമാസം കഴിഞ്ഞാണ് നാട്ടില്‍ തിരിച്ചെത്തിയത്. വന്നുകഴിഞ്ഞിട്ട് ഒരു മാസം ക്വാറന്റയിനും കഴിഞ്ഞാണ് മോളെ കാണാന്‍ കഴിഞ്ഞത്. ആ മിസ്സിംഗ് മനസ്സിനെ ഒത്തിരി വേദനിപ്പിച്ചിരുന്നു, അഞ്ജലി നായര്‍ പറഞ്ഞു.
ഇനി റാം’ സിനിമയുടെ ബാക്കി ചെയ്യാനുണ്ട്. അവിയല്‍, മരട് 357, ജിബൂട്ടി, വണ്‍ സെക്കന്റ്, എല്ലാം ശരിയാകും, രണ്ടാം പകുതി, ഇതൊക്കെ പുതിയ റിലീസ് ചിത്രങ്ങളാണ്. മീസാനും മോഹന്‍കുമാര്‍ ഫാന്‍സും റിലീസായി കഴിഞ്ഞു. അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രം ”വാതില്‍’ ആണ്, അഞ്ജലി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക