| Wednesday, 25th January 2023, 8:25 am

സംസ്ഥാന അവാര്‍ഡിന് ശേഷം സിനിമകളിലേക്ക് വിളിക്കാതെയായി, അവരുടെ മുന്നില്‍ ഞാന്‍ വലിയൊരു തോല്‍വിയാണ്: അഞ്ജലി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2015ലെ മികച്ച സ്വഭാവ നടിക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് വിന്നറാണ് അഞ്ജലി നായര്‍. സംസ്ഥാന അവാര്‍ഡിന് ശേഷം തനിക്ക് ഒരുപാട് ഉപദേഷങ്ങള്‍ ലഭിച്ചിരുന്നുവെന്ന് അഞ്ജലി പറഞ്ഞു.

അവാര്‍ഡിന്റെ പേരില്‍ ചില സിനിമകളില്‍ നിന്നും വിളിക്കാതായി എന്നും ചോദിക്കുമ്പോള്‍ പറയുന്ന കാരണം സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ഒരാള്‍ക്ക് ഈ റോളൊക്കെ തരുക എങ്ങനെയാണെന്നായിരുന്നുവെന്നും അഞ്ജലി പറഞ്ഞു.

സിനിമയെ സീരിയസായിട്ട് കാണുന്നവരുടെ മുന്നില്‍ താനൊരു വലിയ തോല്‍വിയാണെന്നും താരം പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സംസ്ഥാന അവാര്‍ഡിന് ശേഷം ലഭിച്ച ഉപദേശങ്ങള്‍ ഭയങ്കരമായിരുന്നു. പഴയ സിനിമകള്‍ പോലും രംഗത്ത് വന്ന് തുടങ്ങി. എന്തിനാണ് അങ്ങനെ ചെയ്തത്. എന്തിനാണ് ഇങ്ങനെ ചെയ്തത്. അത് ചെയ്യരുത്. ഇത് ചെയ്യരുത് ഇങ്ങനെ പലതും കേട്ടിട്ടുണ്ട്.

ചില സിനിമകളിലേക്ക് ഒക്കെ വിളിക്കാതിരുന്നത് എന്താണെന്ന് ചോദിക്കുമ്പോള്‍ ചേച്ചിയെ പോലെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ഒരാള്‍ക്ക് ഈ റോളൊക്കെ തരുക എങ്ങനെയാണ് എന്ന് കരുതിയാണ് എന്നൊക്കെ പറയും.

നമ്മുക്ക് സിനിമയൊന്നും ഇല്ലാത്ത അവസ്ഥയാകും. നമ്മുക്ക് ഇതൊരു ബാധ്യത ആണോ എന്നൊക്കെ തോന്നും. ഞാനിപ്പോള്‍ എന്റെ സ്റ്റേറ്റ് അവാര്‍ഡ് മൊമന്റോയുടെ കണ്ണുകളിലേക്ക് നോക്കിയിട്ട് ഞാന്‍ തന്നെ ചോദിക്കാറുണ്ട്. നീ എന്തിനാ എന്നെ തേടി വന്നതെന്ന്. ഞാന്‍ ഒരുപാട് സിനിമകള്‍ അടുപ്പിച്ച് ചെയ്യുകയായിരുന്നു. അത്രയധികം സിനിമകള്‍ എനിക്കുണ്ടായിരുന്നു.

എന്നെ സംബന്ധിച്ച് ഞാന്‍ ഇപ്പോള്‍ സിനിമയെ സീരിയസ് ആയി കാണുന്നത് കൊണ്ട് തന്നെ അത് എന്റെ ഏറ്റവും വലിയ പരാജയമായി കാണുകയാണ്. അത് ചിരിയോട് കൂടി എടുക്കണോ എന്നൊക്കെ ആലോചിക്കാറുണ്ട്.

ചിലപ്പോള്‍ ഇതെന്റെ പരാജയമായി തോന്നും. ഇന്നലെകളെ ഞാന്‍ എന്റെ നിലനില്‍പ്പിന്റെ ഭാഗമായാണ് കണ്ടതെങ്കിലും സിനിമയെ സീരിയസായി കാണുന്നവരുടെ മുന്നില്‍ ഞാന്‍ വലിയൊരു തോല്‍വി തന്നെയാണ്,” അഞ്ജലി പറഞ്ഞു.

content highlight: actress anjali nair about before state award changes

We use cookies to give you the best possible experience. Learn more