| Friday, 7th May 2021, 11:29 am

അവസരങ്ങള്‍ക്ക് വേണ്ടി വഴിവിട്ട രീതിയിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാകില്ല; ബുദ്ധിമുട്ടുകള്‍ തുറന്നുപറയാതിരിക്കുന്നതില്‍ കാര്യമില്ല: അഞ്ജലി നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കരിയറില്‍ വലിയൊരു ഉയര്‍ച്ചയുണ്ടാക്കാന്‍ സാധിച്ച താരമാണ് അഞ്ജലി നായര്‍. സരിതയെന്ന ഷാഡോ പൊലീസിന്റെ വേഷം മികവുറ്റതാക്കാന്‍ അഞ്ജലി നായര്‍ക്ക് അനായാസം സാധിച്ചു.

എന്നാല്‍ ദൃശ്യം 2 എന്ന സിനിമ വന്നതുകൊണ്ട് മാത്രം തന്റെ ജീവിത സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും അഭിനേത്രിയെന്ന നിലയ്ക്ക് ഒരുപക്ഷേ നേട്ടമുണ്ടായേക്കാമെന്നും പക്ഷേ ജീവിതത്തിലെ കാര്യങ്ങള്‍ നടന്നുപോകണമെന്നുണ്ടെങ്കില്‍ എപ്പോഴത്തേയും പോലെ കഥാപാത്രങ്ങള്‍ വന്നുകൊണ്ടിരിക്കണമെന്നും അഞ്ജലി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നല്ല കഥാപാത്രങ്ങള്‍ ഇനിയും വന്നാല്‍ അത് ദൃശ്യം 2 കാരണം തന്നെയാണ്. നല്ലതല്ലെങ്കിലും എനിക്കത് ചെയ്‌തേ പറ്റൂ. അത് നിലനില്‍പ്പിനാവശ്യമാണ്, അഞ്ജലി പറയുന്നു.

‘ഞാന്‍ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്നയാളാണ്. ഞാന്‍ വളരെ സാധാരണക്കാരിയാണ്. എന്റെ ബുദ്ധിമുട്ട് ഞാന്‍ തുറന്നുപറയാതിരിക്കുന്നത് കൊണ്ട് എന്തുകാര്യം !

എനിക്ക് ലോണുകള്‍ തന്നിട്ടുള്ള ബാങ്കിലെ മാനേജര്‍മാര്‍ക്കറിയാം ഞാന്‍ അവരോട് എന്താണ് ചെയ്തിട്ടുള്ളതെന്ന്. ആ ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവര്‍ക്കറിയാം.

എന്റെ മോളുടെ വളയും കമ്മലും ഓരോ ആവശ്യങ്ങള്‍ക്കായി പണയം വച്ചിട്ട് പണയമെടുക്കാന്‍ കഴിയാതെ അവ ലേലം ചെയ്തു പോയിട്ടുണ്ട്. അക്കാര്യങ്ങളും പലര്‍ക്കുമറിയാം. ലോണ്‍ അടയ്ക്കാതെ എന്റെ കാര്‍ സി.സി പിടുത്തക്കാര്‍ കൊണ്ടുപോയിട്ടുണ്ട്. അവസരങ്ങള്‍ക്കുവേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്കു വേണ്ടിയോ വഴിവിട്ട രീതിയില്‍ പോകാത്ത ഒരു അഡ്ജസ്റ്റുമെന്റിനും പോകാത്ത ഒരാളാണ് ഞാന്‍,’ അഞ്ജലി നായര്‍ പറയുന്നു.

വിനയ് ഫോര്‍ട്ട് നായകനാകുന്ന വാതിലിലാണ് ഇപ്പോഴഭിനയിക്കുന്നത്. അവിയലും ജിബൂട്ടിയുമാണ് ഇനി റിലീസാകാനുള്ളത്. പുതിയ റിലീസായ മോഹന്‍ കുമാര്‍ ഫാന്‍സില്‍ ഞാന്‍ ചാക്കോച്ചന്റെ അനുജത്തിയാണ്. ഫ്‌ളാഷ്ബാക്കിലും അല്ലാതെയുമായി ഞാനൊരുപാടു പേരുടെ അമ്മ ആയിട്ടുണ്ട്.

സംവിധായകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തില്‍ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ എന്നെ വിളിക്കുന്നു. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായത് കൊണ്ടും തെറ്റല്ലാത്തത് കൊണ്ടും ഞാന്‍ പോയി ചെയ്യുന്നു. അത്രേയുള്ളൂ. നമ്മള്‍ ചെയ്തില്ലെങ്കില്‍ ആ വേഷം ചെയ്യാന്‍ വേറെയാളുണ്ട്. ആ ഒരുമാസം കഴിഞ്ഞ് പോകാന്‍, വിശപ്പിന്റെ വിളിവരുമ്പോള്‍ നമ്മള്‍ എന്തും ചെയ്യും, അഞ്ജലി ചോദിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Anjali Nair About Her Career and Personal Life

We use cookies to give you the best possible experience. Learn more