കഥ തുടരുന്നു എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായി അഭിനയിച്ചത് നടി അനിഘ സുരേന്ദ്രനായിരുന്നു. അന്ന് അനിഘക്ക് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോള്‍ തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ താരം നായികയായി അഭിനയിക്കുകയാണ്.
ആസിഫ് അലിയുടെ നായികയായി വിളിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അനിഘ. അങ്ങനെയൊരു അവസരം വന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയില്ലെന്നും അഭിനയിക്കാന്‍ സാധ്യത കുറവാണെന്നും അനിഘ പറഞ്ഞു. കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിക്കുന്നത് മുതല്‍ ആസിഫിനെ താന്‍ അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘അതിനെ കുറിച്ച് ആസിഫ് അങ്കിള്‍ ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. അങ്ങനെ അവസരം കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എനിക്കത് ചെയ്യാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. കഥ തുടരുന്നു എന്ന സിനിമയില്‍ ആസിഫ് അങ്കിളിന്റെ മകളായി ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്ക് വെറും അഞ്ച് വയസാണ്. അന്നുമുതല്‍ തന്നെ ഞാന്‍ ആസിഫ് അങ്കിള്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നായികയായി എനിക്ക് അഭിനയിക്കാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. ആ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നുമില്ല,’ അനിഘ പറഞ്ഞു.
തന്നെ പിന്തുടര്‍ന്ന് ഹൈദരാബാദ് വരെയെത്തിയ ഒരു ആരാധകനെ കുറിച്ചും അഭിമുഖത്തില്‍ അനിഘ പറഞ്ഞു.
‘ഒരു സ്റ്റോക്കര്‍ മൂവ്‌മെന്റ് എനിക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഹൈദരാബാദില്‍ വെച്ചിട്ടാണ് അത് സംഭവിക്കുന്നത്. ഒരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ സ്‌റ്റോറിയിട്ടപ്പോള്‍ കൂടെ ലൊക്കേഷനും ഇട്ടിരുന്നു. അത് കണ്ടിട്ട് എന്നെ തേടി അയാള്‍ ഹൈദരാബാദില്‍ വന്നു. അങ്ങനെ വരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.
അയാള്‍ അങ്ങനെ എന്നെ കാണാന്‍ അവിടെ വരെ വന്നപ്പോള്‍ ശരിക്കും ഞാന്‍ അത്ഭുതപ്പെട്ട് പോയി. അത് ശരിക്കും ക്രീപ്പിയായിട്ടുള്ള ഒരു അനുഭവം തന്നെയായിരുന്നു. ഇങ്ങനെയുമൊക്കെ ആളുകള്‍ ചെയ്യുമല്ലേ എന്ന് ഞാന്‍ ചിന്തിച്ച് പോയിരുന്നു. പക്ഷെ ആ കൂടിക്കാഴ്ച്ച ഭയങ്കര നോര്‍മലായിരുന്നു. അയാള്‍ വന്നു ഫോട്ടോയൊക്കെ എടുത്ത് പോയി.
പക്ഷെ എന്റെ ഇന്‍സ്റ്റ സ്റ്റോറിയൊക്കെ കണ്ട് അവിടം വരെ എന്നെ അന്വേഷിച്ച് വരാനുള്ള അയാളുടെ മനസാണ് ഞാന്‍ നോക്കുന്നത്. അതൊരു മോശം അനുഭവം ഒന്നുമല്ല, പക്ഷെ ഇങ്ങനെയൊക്കെയും ആളുകളുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരിത്, അത്രേയേയുള്ളു,’ അനിഘ പറഞ്ഞു.
content highlight: actress anikha surendran about asif ali