| Thursday, 1st October 2020, 8:59 am

മോദിയും യോഗിയും സ്മൃതി ഇറാനിയും ഒരക്ഷരം മിണ്ടാത്തതെന്തേ? യു.പിയില്‍ ആവര്‍ത്തിക്കുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ നഗ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ യു.പിയിലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ നഗ്മ.

മൂന്ന് ഗുണ്ടകള്‍ ഒരു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗം ചെയ്ത് ആക്രമണം നടത്തിയപ്പോള്‍  എന്തുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒരക്ഷരം മിണ്ടാത്തതെന്ന് അവര്‍ ചോദിച്ചു. യു.പിയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും യു.പി പൊലീസിനോടും നഗ്മ   ചോദിച്ചു.

” ഇത് വളരെ വേദന നിറഞ്ഞതാണ്. യോഗി ആദിത്യനാഥ് ,യു.പി പൊലീസ് ഇവിടെ എന്താണ് നടക്കുന്നത്. മൂന്ന് ഗുണ്ടകള്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന് കുത്തിവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാവാതെ സ്മൃതി ഇറാനി, പ്രധാനമന്ത്രി നിങ്ങള്‍ രണ്ടുപേരും എവിടെയാണ്,” അവര്‍ ട്വീറ്റ് ചെയ്തു.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി മരിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് യുവതി മരിച്ചത്.

22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്. യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. രണ്ട് പേരെ അറസ്റ്റു ചെയ്തു.

ആക്രമികള്‍ യുവതിയുടെ ശരീരത്തില്‍ മയക്ക് മരുന്ന് കുത്തിവെച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കാലുകള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടുപ്പും തകര്‍ന്ന നിലയിലായിരുന്നു.

ഹാത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nagma”s Response On UP Balrampur Rape

Latest Stories

We use cookies to give you the best possible experience. Learn more