കോടതി വിധി എഴുതിക്കഴിഞ്ഞു; ഇപ്പോള്‍ നടക്കുന്നത് വെറും നാടകം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാഗ്യലക്ഷ്മി
Kerala News
കോടതി വിധി എഴുതിക്കഴിഞ്ഞു; ഇപ്പോള്‍ നടക്കുന്നത് വെറും നാടകം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 3:57 pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വിചാരണ കോടതി വിധി നേരത്തെ തന്നെ എഴുതി തയ്യാറാക്കിയെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഹരജിയുമായി ചൊല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്നത് അപമാനം. വിധി നേരത്തെ എഴുതിവെച്ചുകഴിഞ്ഞു, ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ ഉള്ളൂ. പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്തെന്ന് കോടതികള്‍ ചോദിക്കുന്നില്ല,’ ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു നീതി എന്നതാണ് കോടതിയുടെ സമീപനമെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമപരമായി കേസില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നാണ് കൗസര്‍ എടപ്പഗത്ത് പറഞ്ഞത്.

അതേസമയം ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയോട് പറഞ്ഞു.

ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യവുമാണ് പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം മൂന്നുമാസം മുന്‍പ് ക്രൈംബ്രാഞ്ചിനു കിട്ടിയതാണ്. അത് ഇതുവരെ പരിശോധിച്ചില്ലെന്ന ക്രൈംബ്രാഞ്ചിന്റെ വാദം വിശ്വസിക്കരുത്. വിവരങ്ങള്‍ മുഴുവന്‍ മുംബൈയിലെ ലാബില്‍ നിന്നു ലഭിച്ചതാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം.

ജുഡീഷ്യറിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയ സര്‍ക്കാര്‍ ദിലീപ് ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്ന് ആരോപിച്ചു.

Content Highlights: Actress and dubbing artist Bhagyalakshi against court in actor assault case