വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമാകുന്നതിനിടയില്‍ താരത്തിനെതിരായ ട്രോള്‍ വീഡിയോ ഷെയര്‍ ചെയ്ത് നടിയും സംവിധായികയുമായ രേവതി. ഡ്യൂള്‍ന്യൂസിന്റെ ട്രോളോടു ട്രോള്‍ പരിപാടിയാണ് രേവതി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.
തുറന്ന് പറച്ചില്‍ തന്നെ പ്രതിരോധമാക്കിയ മീ ടൂ മൂവ്‌മെന്റിനെ പരിഹസിച്ചതും സ്ത്രീകേന്ദ്രീകൃതമായ സിനിമയുടെ പ്രമോഷന്‍ നടക്കുന്ന വേദിയില്‍ വെച്ച് തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരെയും പതിവായുള്ള ആക്ഷേപഹാസ്യ ശൈലിയിലൂടെ തന്നെയായിരുന്നു ട്രോളോടു ട്രോളിന്റെ പുതിയ എപ്പിസോഡ് ഒരുക്കിയത്.
മാധ്യമത്തെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമെന്നാണ് ട്രോളോടു ട്രോളിനെ രേവതി വിശേഷിപ്പിച്ചത്. പരിപാടി അവതരിപ്പിക്കുന്ന ഡൂള്‍ന്യൂസിലെ മള്‍ട്ടിമീഡിയ ജേണലിസ്റ്റ് അനുഷ ആന്‍ഡ്രൂസിനേയും രേവതി അഭിനന്ദിച്ചു.
‘ഈ കുട്ടിയെ വളരെയധികം ഇഷ്ടപ്പെടുന്നു. അതിമനോഹരമായ സ്‌ക്രിപ്റ്റിംഗും നര്‍മവും അവതരണവും. മാധ്യമത്തെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണം. അഭിനന്ദനങ്ങള്‍ അനുഷ,’ എന്നാണ് ട്രോളോടു ട്രോളിന്റെ പുതിയ എപ്പിസോഡ് ഷെയര്‍ ചെയ്ത് രേവതി കുറിച്ചത്.
ഒരുത്തീ സിനിമയുടെ പ്രമോഷനിടെയാണ് മീ ടൂ മൂവ്‌മെന്റിനെ അപഹസിച്ച് വിനായകന്‍ സംസാരിച്ചത്. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്.
പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്‌സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
Content Highlight: actress and director Revathi shared a troll video of doolnews against vinayakan