| Tuesday, 16th April 2019, 11:48 am

തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ബി.ജെ.പി; സി.പി.ഐ.എമ്മിനെ ശത്രുവായി കാണാന്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ലെന്നും ഖുശ്ബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്ന് എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. സി.പി.ഐ.എമ്മിനെ ശത്രുവായി കാണാന്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ലെന്നും ഖുശ്ബു വ്യക്തമാക്കി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പങ്കെടുക്കുകയായിരുന്നു ഖുശ്ബു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നു എന്നും അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പെന്നും ഖുശ്ബു പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാന്‍ സമയമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.

നിരവില്‍പുഴക്കടുത്ത് കുഞ്ഞോം ഗ്രാമത്തില്‍ നിന്ന് തുടങ്ങി പനമരം വരെ റോഡ് ഷോ നടത്തിയാണ് ഖുശ്ബു വയനാട്ടിലെ ആദ്യ ദിന പര്യടനം അവസാനിപ്പിച്ചത്.

അതേസമയം, അഞ്ചു ദിവസത്തെ തെരഞ്ഞെടുപ്പു പര്യടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ആര്‍.എസ്.എസ് തങ്ങളെ എതിര്‍ക്കുന്ന ശബ്ദങ്ങളെ തകര്‍ക്കുകയാണെന്നും അഹിംസയിലൂടെ കോണ്‍ഗ്രസ് ഇതിനെ നേരിടുമെന്നും പത്തനാപുരത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.

കേരളത്തില്‍ മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഉച്ചയ്ക്ക് പാലായിലെത്തി കെ.എം മാണിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.

We use cookies to give you the best possible experience. Learn more