| Saturday, 8th May 2021, 4:00 pm

കൊവിഡിനെ തോല്‍പ്പിക്കാന്‍ തമിഴ് ജനത സ്റ്റാലിനൊപ്പം നില്‍ക്കണമെന്ന് ഖുശ്ബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സഹായിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. സര്‍ക്കാരിനെ കൊണ്ട് ഒറ്റയ്ക്ക് എല്ലാം ചെയ്യാനാകില്ലെന്നും നമുക്കോരോരുത്തര്‍ക്കും പ്രധാന പങ്കുവഹിക്കാനുണ്ടെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

‘കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സഹായിക്കണമെന്ന് ഞാന്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. സര്‍ക്കാരിനെ കൊണ്ട് മാത്രം എല്ലാം ചെയ്യാനാകില്ലെന്ന് ഓര്‍ക്കണം.

നമുക്ക് ഓരോരുത്തര്‍ക്കും ഇതില്‍ ഏറെ പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ട്. നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് നമുക്ക് ചെയ്യാം. ചെറിയ വെള്ളത്തുള്ളികള്‍ ചേര്‍ന്നാണല്ലോ സമുദ്രമാകുന്നത്,’ ഖുശ്ബുവിന്റെ ട്വീറ്റില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ നിന്നെങ്കിലും ഖുശ്ബു പരാജയപ്പെടുകയായിരുന്നു.

അണ്ണാ ഡി.എം.കെ – ബി.ജെ.പി സഖ്യത്തെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ – കോണ്‍ഗ്രസ് സഖ്യം തമിഴ്‌നാട്ടില്‍ ഇത്തവണ അധികാരത്തിലെത്തിയത്.

ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല. പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായിട്ടുണ്ട്. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ.

സ്റ്റാലിന്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ വന്നിരിക്കുന്ന ഖുശ്ബുവിന്റെ ട്വീറ്റിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress and BJP leader Khushboo asks Tamilnadu people to support MK Satlin Govt in Covid fight

We use cookies to give you the best possible experience. Learn more