അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് നടി അനശ്വര രാജന്‍. ബസ് യാത്രക്കിടെ തന്നെ നോക്കി ഒരാള്‍ മാസ്റ്റര്‍ബേറ്റ് ചെയ്തുവെന്നാണ് അനശ്വര പറയുന്നത്. അന്ന് അയാള്‍ എന്താണ് ചെയ്യുന്നതെന്ന് മനസിലാവുക പോലും ചെയ്തിരുന്നില്ലെന്നും താരം പറഞ്ഞു.
ഗുഡ് ടച്ച് എന്താണെന്നും ബാഡ് ടച്ച് എന്താണെന്നും അമ്മ തനിക്ക് നേരത്തെ തന്നെ പറഞ്ഞ് തന്നിരുന്നു എന്നും എന്നാല്‍ അയാള്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും അനശ്വര പറഞ്ഞു. ഇപ്പോഴും അക്കാര്യം ആലോചിക്കുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അയാളുടെ കുടുംബത്തിലെ സ്ത്രീകളെ കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞു.
‘ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി.
എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ മാസ്റ്റര്‍ബേറ്റ് ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നതെന്ന്. അതിന് മുമ്പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.
പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്നെനിക്ക് അറിയില്ല. ഞാന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റ് വന്നപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എന്തോ പോലെയാണ്. അന്ന് ഞാന്‍ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആള്‍, അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും.
അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് എന്തോ പോലെയാണ്. വലുതായ ശേഷം അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയും. അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയും. പ്രതികരിക്കാനുള്ള ധൈര്യമുണ്ട്,’ അനശ്വര രാജന്‍ പറഞ്ഞു.
content highlight: actress anaswara rajan share a bad experience in bus