വിന്റേജ് ലുക്കിൽ തന്നെ കാണാൻ അമ്മയ്ക്ക് ഇഷ്ടമാണെന്ന് നടി അനശ്വര രാജൻ. പ്രണയവിലാസം സിനിമയിൽ താൻ കോസ്റ്റ്യൂം ഇട്ടുനിൽക്കുമ്പോൾ അമ്മ നല്ല രസമുണ്ടെന്ന് പറഞ്ഞ് ഫോട്ടോ ഒക്കെ എടുത്തിരുന്നെന്നും അനശ്വര പറയുന്നുണ്ട്. പഴയ ലുക്കിൽ തന്നെ കാണുമ്പോൾ അമ്മയുടെ അമ്മയെപ്പോലെ ഉണ്ടെന്ന് പറയുമെന്നും അനശ്വര കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അമ്മയ്ക്ക് എന്നെ വിന്റേജ് ലുക്കിൽ കാണുന്നത് നല്ല ഇഷ്ടമാണ്. പ്രണയവിലാസത്തിൽ ഒക്കെ ഞാൻ ഇങ്ങനെ കോസ്റ്റ്യൂം ഇട്ടുനിൽക്കുമ്പോൾ അമ്മ നല്ല രസമുണ്ടെന്ന് പറഞ്ഞിട്ട് ഫോട്ടോ ഒക്കെ എടുക്കും. ഓസ്‌ലറിൽ ആണെങ്കിലും അമ്മയ്ക്ക് ആ പഴയ ലുക്കിൽ എന്നെ അങ്ങനെ കാണാൻ നല്ല ഇഷ്ടമാണ്.
അമ്മ പറയുന്നത് എന്നെ കാണാൻ അമ്മയുടെ അമ്മയെ പോലെയാണെന്നാണ്. ഓസ്‌ലറിലൊക്കെ കാണുന്ന സമയത്ത് അതേപോലെയുണ്ട് എന്നൊക്കെ പറഞ്ഞിട്ട് ഫോട്ടോസ് എടുത്തു വെക്കും,’ അനശ്വര പറയുന്നു.
വ്യക്തിപരമായി വിദ്വേഷം ഉണ്ടാകുന്നതിൽ പ്രശ്‌നമില്ലെന്നും അത് തന്റെ സിനിമയിലേക്ക് കൂടെ ബാധിക്കുന്നതിലാണ് പ്രശ്‌നമെന്നും അനശ്വര റെഡ് എഫ്.എമ്മിനോട് പറയുന്നുണ്ട്.
താൻ ആദ്യം കണ്ട നിവിൻ പോളി ചിത്രത്തെക്കുറിച്ചും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ആദ്യം കണ്ട നിവിൻ പോളി ചിത്രം തട്ടത്തിൻ മറയത്താണ്. നമ്മുടെ നാട്ടിലാണ് ഷൂട്ട് ചെയ്തതെന്ന് എനിക്കറിയാം. അവിടെ എവിടെയൊക്കെയോ ആണ് ഷൂട്ട് ചെയ്തത്. അതുകൊണ്ടാണ് പോയി കണ്ടത്. അതുകൊണ്ടുതന്നെയാണ് ഇറങ്ങിയിട്ട് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പോയി കണ്ടത്.
നമ്മുടെ നാടും ബസും കോളേജും കാണാൻ വേണ്ടിയിട്ടാണ്. ചേച്ചി പയ്യന്നൂർ കോളേജിൽ ആണ് പഠിച്ചത്. ചേച്ചിക്ക് തിരുവാതിര പ്രാക്ടീസ് ഒക്കെ ഉണ്ടാവും. അപ്പോൾ ഞാൻ അവിടെ ഇരിക്കും. ഞാൻ കോളേജിൽ പോകാറുണ്ട്, വരാന്തയിൽ ഇരിക്കാറുണ്ട്. പഠിച്ചില്ലെങ്കിലും എനിക്ക് നൊസ്റ്റുള്ള ഒരു സ്ഥലമാണ് അത്,’ അനശ്വര രാജൻ പറഞ്ഞു.
Content Highlight: Actress Anaswara Rajan says that her mother likes to see her in a vintage look