സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ ഒരു സൂപ്പര്‍ ചിത്രത്തിന്റെ കൂടി ഭാഗമായിരിക്കുകയാണ് നടി അനശ്വര രാജന്‍. കോളേജ് കാലഘട്ടവും ഹോസ്റ്റല്‍ ജീവിതവും പ്രമേയമാക്കിയ ചിത്രത്തില്‍ ശരണ്യ എന്ന കഥാപാത്രമായെത്തി കയ്യടിനേടുകയാണ് അനശ്വര. തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്ക് ശേഷം അനശ്വരയുടെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു സൂപ്പര്‍ശരണ്യയിലേത്.
ജീവിതത്തില്‍ താന്‍ ഒരിക്കലും ശരണ്യയെപ്പോലെ അല്ലെന്നും താനുമായി ആ കഥാപാത്രത്തിന് ഒരു സാമ്യവും ഇല്ലെന്നുമാണ് അനശ്വര ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അത്യാവശ്യം കുരുത്തക്കേടൊക്കെയുള്ള ഒരാള്‍ തന്നെയാണ് താനെന്നും എങ്കിലും കൂട്ടുകാരികള്‍ക്കിടയില്‍ തനിക്കറിയാവുന്ന ഒരുപാട് ശരണ്യമാരുണ്ടെന്നും അനശ്വര പറയുന്നു.
ഏതെങ്കിലും നടിയുടെ അഭിനയവുമായി സ്വന്തം അഭിനയത്തെ താരതമ്യം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ആരോടും താരതമ്യം ചെയ്യാറില്ലെന്നും എന്നാല്‍ ഓരോരുത്തരില്‍ നിന്നും കുറേ പഠിക്കാനുണ്ടാവുമെന്നുമായിരുന്നു അനശ്വരയുടെ മറുപടി. സിനിമകള്‍ കാണുമ്പോള്‍ അതില്‍ അഭിനയിക്കുന്നവരുടെ ആക്ടിങ് മെത്തേഡ് നോക്കും. അവരുടെ ശരീരഭാഷ, ചലനങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കും. പ്രിയങ്ക ചോപ്രയുടെ അഭിനയം ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലാണെങ്കില്‍ നിമിഷയുടേതും, അനശ്വര പറയുന്നു.
മലയാള സിനിമയില്‍ ആഗ്രഹിക്കുന്ന ഇടം ഏതാണെന്ന ചോദ്യത്തിന് നല്ല സിനിമകളുടെ ഭാഗമാകുന്നൊരു നായിക എന്ന പേരുണ്ടാകണമെന്നായിരുന്നു അനശ്വരയുടെ മറുപടി. ആര്‍ക്കും പകരം വെക്കാന്‍ പറ്റാത്തൊരു നടിയാകണമെന്നത് ഒരു ആഗ്രഹമാണെന്നും അനശ്വര പറയുന്നു.
ഇപ്പോള്‍ മലയാള സിനിമയില്‍ നായകനെ ഇടിക്കുന്ന നായികമാര്‍ വരുന്നുണ്ട് ഇതിനെ എങ്ങനെ കാണുന്നെന്ന ചോദ്യത്തിന് നല്ലൊരു മാറ്റമാണ് അതെന്നായിരുന്നു അനശ്വരയുടെ മറുപടി. പലപ്പോഴും മലയാള സിനിമയില്‍ നായിക നിശബ്ദയായി നായകനെ പിന്തുടരുന്ന ഒരാളായിപ്പോയിരുന്നു. ക്യാരക്ടറില്ലാത്ത മുഖങ്ങള്‍. ഇപ്പോഴത്തെ സിനിമ അതില്‍ നിന്നൊക്കെ ഒരുപാട് മാറി. സ്വന്തമായി വ്യക്തിത്വമുള്ള നായികമാര്‍ വരുന്നു. അതിലൊക്കെ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്, അനശ്വര പറയുന്നു.
സൂപ്പര്‍ശരണ്യയിലെ നായകന്‍ അര്‍ജുന്‍ അശോകനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘ലൊക്കേഷനില്‍ നമ്മുടെയെല്ലാം വൈബിനൊപ്പം നില്‍ക്കുന്ന ഒരു അടിപൊളി മനുഷ്യനാണ് അര്‍ജുന്‍, എല്ലാവര്‍ക്കുമൊപ്പം ഒരുമിച്ച് ചില്ല് ചെയ്ത് കോമഡിയൊക്കെ പറഞ്ഞുനില്‍ക്കുന്ന ഒരാള്‍,’ അനശ്വര പറയുന്നു.
Content Highlight: Actress Anaswara Rajan About Super Sharanya and Malayalam Cinema