മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് മൈക്ക്. ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശിവപ്രസാദാണ്.
ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സാറയെയാണ് അനശ്വര അവതരിപ്പിക്കുന്നത്. സാറ എന്ന കഥാാപാത്രമാകാന്‍ എടുത്ത് എഫേര്‍ട്ടിനെ കുറിച്ചും സംവിധായകന്‍ മുന്നോട്ടുവെച്ച ഡിമാന്‍ഡുകളെക്കുറിച്ചും മൈക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയാണ് അനശ്വര.
”ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സാറ. അതെനിക്ക് ചാലഞ്ചിങ് തന്നെയായിരുന്നു. ഇത്രയും നാള്‍ ആളുകള്‍ എന്നെ കണ്ട ഇമേജ് പൊളിച്ചെഴുതുക എന്നത് ചാലഞ്ച് തന്നെയാണ്.
വിഷ്ണുവേട്ടന്‍ മൈക്കിന്റെ കഥ എന്നോട് ആദ്യമായി നരേറ്റ് ചെയ്യുമ്പോള്‍ ആ സ്‌റ്റോറിയും സാറ എന്ന കഥാപാത്രവും വളരെ ബ്യൂട്ടിഫുളായിരുന്നു.
എന്റെ ഹെയര്‍ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു അതിന് ഞാന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. സൂപ്പര്‍ ശരണ്യ കഴിഞ്ഞ സമയമായിരുന്നു അത്. അത് കഴിഞ്ഞ് ഹെയര്‍ കട്ട് ചെയ്യാന്‍ വിഷ്ണുവേട്ടന്‍ പറഞ്ഞു.
രണ്ട് ഡിമാന്‍ഡാണ് വിഷ്ണുവേട്ടന്‍ വെച്ചത്, അതിലൊന്ന് മുടി മുറിക്കുക എന്നതായിരുന്നു. പക്ഷെ ആ റിസ്‌ക് എടുക്കാന്‍ ഞാന്‍ ഓക്കെയായിരുന്നു. കാരണം ആ സ്റ്റോറിയിലും സാറ എന്ന കഥാപാത്രത്തിലും ഞാന്‍ നല്ല കോണ്‍ഫിഡന്റായിരുന്നു. അങ്ങനെ ഹെയര്‍ കട്ട് ചെയ്തു.
സാറ കുറേ ലെയേഴ്‌സ് ഉള്ളൊരു കഥാപാത്രമാണ്. അതിനെ പൂര്‍ണതയിലെത്തിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രമിച്ചിട്ടുണ്ട്,” അനശ്വര പറഞ്ഞു.
അനശ്വരക്ക് പുറമെ രഞ്ജിത് സഞ്ജീവ്, അക്ഷയ് രാധാകൃഷ്ണന്‍, ജിനു ജോസഫ്, അഭിറാം, സിനി എബ്രഹാം എന്നിവരാണ് മൈക്കില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ആഷിഖ് അക്ബര്‍ അലി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹൃദയത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുല്‍ വഹാബാണ്.
Content Highlight: Actress Anaswara Rajan about playing the role of Sarah in Mike movie