| Saturday, 18th March 2023, 11:05 pm

ആ നടന്റെ പ്രകടനം കണ്ടപ്പോള്‍ മാത്രമാണ് എനിക്ക് എണീറ്റ് നിന്ന് കയ്യടിക്കാന്‍ തോന്നിയത്: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് പ്രണയവിലാസം. വ്യത്യസ്ത കാലഘട്ടത്തിലെ വ്യത്യസ്തമാര്‍ന്ന പ്രണയങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. അര്‍ജുന്‍ അശോകന്‍, ഹക്കീം ഷാ, അനശ്വര രാജന്‍, മമിത ബൈജു, മനോജ് കെ.യു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ അനശ്വരയുടെ പെയറായെത്തിയത് നടന്‍ ഹക്കീം ഷായായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് അനശ്വര.

ഹക്കീം ഒരു അസാധ്യ നടനാണെന്നും സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് എണീറ്റ് നിന്ന് കയ്യടിക്കാന്‍ തോന്നിയെന്നും അനശ്വര പറഞ്ഞു. രണ്ട് കാലഘട്ടങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അദ്ദേഹം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ഹക്കീം ഒരു അസാധ്യ നടനാണ്. സിനിമക്ക് രണ്ട് ഭാഗങ്ങളുണ്ട്. പ്രായം കുറഞ്ഞ കാലഘട്ടവും പിന്നെ വയസായ സമയവും. അത് രണ്ടും ആള് നന്നായി മെയിന്റെയ്ന്‍ ചെയ്തു. ബോഡി ലാഗ്വേജിലും അതിലും ഇതിലും എല്ലാം വരുത്തിയ മാറ്റങ്ങള്‍ അടിപൊളിയാണ്. ഞാന്‍ സിനിമ കണ്ടപ്പോള്‍ ശരിക്കും എണീറ്റ് നിന്ന് കയ്യടിക്കാന്‍ തോന്നിയിരുന്നു. പുള്ളിയുടെ പെര്‍ഫോമന്‍സ് കണ്ടിട്ട് മാത്രമാണ് എനിക്ക് അങ്ങനെ തോന്നിയത്. ഈ കണ്ണൂര്‍ ഭാഷ ഹക്കീം ചേട്ടന് പറഞ്ഞുകൊടുത്തത് ഞാനായിരുന്നു.

പ്രണയവിലാസം സിനിമയിലെ പോലെ ഞാന്‍ സ്ഥിരം സ്‌കൂളില്‍ പോകുന്ന ഒരു ബസുണ്ടായിരുന്നു. അതിന്റെ പേര് മുത്തപ്പന്‍ എന്നായിരുന്നു. എട്ടരയുടെ ബസായിരുന്നു അത്. എന്റെ നാട്ടില്‍ നിന്നും പയ്യന്നൂരിലെ എന്റെ സ്‌കൂള്‍ വരെയായിരുന്നു ബസുണ്ടായിരുന്നത്. അല്ലെങ്കില്‍ പിന്നെ കെ.എസ്.ആര്‍.ടി.സിക്കാണ് ഞാന്‍ പോയിക്കൊണ്ടിരുന്നത്. എനിക്ക് പാസുണ്ടായിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസില്‍ വിന്‍ഡോ സീറ്റിലിരുന്ന് പോകാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ വിന്‍ഡോ സീറ്റുണ്ടെങ്കില്‍ മാത്രമെ ഞാന്‍ ബസില്‍ കയറത്തൊള്ളു. അല്ലെങ്കില്‍ ഞാന്‍ അടുത്ത ബസ് വരുന്നത് വരെ നോക്കി നില്‍ക്കും. സൂപ്പര്‍ ശരണ്യ സിനിമയിലെ പോലെ ബസില്‍വെച്ച് എന്റെ തലയും ഇടിച്ചിട്ടുണ്ട്. അതുപോലെ ബസില്‍ കിടന്നുറങ്ങി അടുത്ത സ്‌റ്റോപ്പിലൊക്കെ പോയി ഇറങ്ങിയിട്ടുണ്ട്.

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഇതുപോലെ ബസില്‍ കിടന്നുറങ്ങി പോയി. എണീറ്റ് വരുമ്പോള്‍ സ്‌റ്റോപ്പ് കഴിഞ്ഞ് പോയിട്ടുണ്ടായിരുന്നു. എന്നിട്ട് ആ സ്‌റ്റോപ്പിലിറങ്ങി. അടുത്ത ബസില്‍ കയറാന്‍ കയ്യില്‍ പൈസയുണ്ടായിരുന്നില്ല. പിന്നെ അവിടെ നിന്നും വീടുവരെ നടന്നു,’ അനശ്വര രാജന്‍ പറഞ്ഞു.

content highlight: actress anaswara rajan about hakkim shah

We use cookies to give you the best possible experience. Learn more