| Thursday, 16th February 2023, 8:06 am

ചാന്‍സിനുവേണ്ടി ഇതൊക്കെ ചെയ്യുന്നതില്‍ സങ്കടമുണ്ടെന്ന് പറയും; ഞാനും കുടുംബവും വളരെ മോശം ഫേസിലൂടെയാണ് കടന്നുപോയത്: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പല തവണയായി തനിക്ക് നേരേയുണ്ടായിട്ടുള്ള സൈബര്‍ ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജന്‍. താന്‍ ഫോട്ടോ ഷൂട്ട് നടത്തുന്നത് സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടിയാണെന്നാണ് പലരും പറയുന്നതെന്നും ഇത്തരത്തിലുള്ള മോശം കമന്റുകള്‍ തന്നെയും കുടുംബത്തെയും ബാധിക്കാറുണ്ടെന്നും താരം പറഞ്ഞു.

അനശ്വര നല്ലകുട്ടിയാണെന്നും അവസരം കിട്ടാന്‍ ഇങ്ങനെയൊന്നും ചെയ്യരുത് എന്നും പറഞ്ഞുള്ള മെസേജുകള്‍ തന്റെ അമ്മയുടെ ഫോണിലേക്ക് വരാറുണ്ടെന്നും ഇത്തരം പ്രവണതകള്‍ എന്നെങ്കിലും മാറുമോ എന്ന് തനിക്കറിയില്ലെന്നും അനശ്വര വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഹെയര്‍ കട്ട് ചെയ്തപ്പോള്‍ എന്റെ കോണ്‍ഫിഡന്‍സ് ഒരുപാട് കൂടിയതായിട്ടാണ് എനിക്ക് തോന്നിയത്. എനിക്ക് മുടി അങ്ങനെ ഇടുന്നത് ഇഷ്ടമാണ്, പക്ഷെ ഇടയ്ക്കിടെ എന്റെ ലോങ് ഹെയറും എനിക്ക് മിസ് ചെയ്യാറുണ്ട്. മുടി അങ്ങനെ കട്ട് ചെയ്തതിന് ശേഷം എന്റെ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് വന്നുതുടങ്ങി.

പിന്നെ ആള്‍ക്കാര്‍ ഒരു ഫോട്ടോ ഷൂട്ട് കണ്ടിട്ട് എന്തുപറയുന്നു എന്ന് ഞാന്‍ ചിന്തിക്കാറില്ല. കാരണം ഇതൊന്നും എനിക്ക് പുത്തരിയല്ല. ഈ പറയുന്നവര്‍ പറഞ്ഞുകൊണ്ടിരിക്കും. എത്രകാലം കഴിഞ്ഞാലും ഇതൊക്കെ മാറുമോ എന്ന് എനിക്ക് അറിയില്ല. പൂര്‍ണമായി ഇത്തരം വിമര്‍ശനങ്ങളെ ഞാന്‍ ഒഴിവാക്കുന്നു എന്നൊന്നും പറയാന്‍ സാധിക്കില്ല.

എവിടെയൊക്കെയോ ഇതൊക്കെ എന്നെയും ബാധിക്കുന്നുണ്ട്. എന്നെ മാത്രമല്ല എന്റെ കുടുംബത്തെയേയും അമ്മയേയും അച്ഛനേയുമൊക്കെ ഇത്തരം കമന്റുകള്‍ ബാധിക്കാറുണ്ട്. അനശ്വര നല്ലകുട്ടിയാണ്, ചാന്‍സിനൊക്കെ വേണ്ടി അവള്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ സങ്കടമുണ്ട് എന്നൊക്കെ പറഞ്ഞ് എന്റെ അമ്മയുടെ ഫോണിലേക്ക് മെസേജ് അയക്കുന്നവരുണ്ട്.

ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്കറിയാം ഇതിലൊന്നും വലിയ കാര്യമില്ലെന്ന്. പക്ഷെ അവര്‍ പറയുന്ന പലകാര്യങ്ങളും നമ്മളെ മോശമായി ബാധിക്കുന്നുണ്ട്. മുമ്പ് ഉണ്ടായ വിഷയമാണെങ്കിലും ഇപ്പോഴാണെങ്കിലും ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത് വളരെ മോശം ഫേസിലൂടെയാണ്,’ അനശ്വര രാജന്‍ പറഞ്ഞു.

content highlight: actress anaswara rajan about cyber attack

We use cookies to give you the best possible experience. Learn more