കണ്ണൂര്‍: യുവതാരം അനശ്വര രാജന് എതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്. റിമ കല്ലിങ്കല്‍, അഹാന, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തുകയും പുതിയ ക്യാംപെയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ നിലപാടുകള്‍ വ്യക്തമാക്കി എത്തിയിരിക്കുകയാണ് അനശ്വര. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ അയച്ചു തന്നപ്പോള്‍ തനിക്ക് അത് ഒത്തിരി ഇഷ്ടപ്പെട്ടെന്നും അതിനാലാണ് സോഷ്യല്‍ മീഡിയയില്‍ അത് പങ്ക് വെച്ചതെന്നും താരം പറഞ്ഞു. തുടര്‍ന്ന് കുറച്ചു കമന്റുകള്‍ വായിച്ചപ്പോള്‍ അവരുടെ മാനസികാവസ്ഥ എനിക്ക് മനസിലായിരുന്നു. ആദ്യം അവഗണിക്കാന്‍ തീരുമാനിച്ചു എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോഴാണ് ഞാന്‍ പ്രതികരിക്കുവാന്‍ തീരുമാനിച്ചത് അത് വളരെ ആവശ്യമാണെന്ന് തോന്നിയെന്നും അനശ്വര രാജന്‍ പറഞ്ഞു.
‘ഇത് എന്നെ വൈകാരികമായി ബാധിച്ചില്ല, പക്ഷേ നമ്മള്‍ ഇപ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുരോഗമന കേരളത്തിലാണോ എന്ന് ആലോചിച്ചുപോയി നെഗറ്റീവ് അഭിപ്രായങ്ങളുണ്ടാകുമെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
‘എന്റെ ഫോട്ടോകളില്‍ അഭിപ്രായമിട്ടവരുടെ സഹോദരിമാരെയും അയല്‍വാസികളെയും കുറിച്ച് ഞാന്‍ ചിന്തിച്ചു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലേ? സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പേരില്‍ ഈ ആളുകള്‍ അവരെ അടിച്ചമര്‍ത്തില്ലേ?’ അവള്‍ ചോദിക്കുന്നു. ‘എന്നെപ്പോലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ മറുപടി നല്‍കിയത്.
മോശം കമന്റിട്ടവരുടെ കണ്ണിന്റെ കുഴപ്പമാണിത്. അവരെയാണ് ബോധവത്കരിക്കേണ്ടത്. എന്റ മാതാപിതാക്കള്‍, കുടുംബം, അയല്‍ക്കാര്‍, സഹപാഠികള്‍ ഇതില്‍ യാതൊരു പ്രശ്നവുമില്ല. ചില കമന്റുകള്‍ ഞാന്‍ അച്ഛനെ വായിച്ചു കേള്‍പ്പിച്ചു. അടുത്ത തവണ കുറച്ചു കൂടി ഇറക്കം കുറഞ്ഞ ഡ്രസ്സ് വാങ്ങി തരാമെന്നാണ് അച്ഛന്‍ പറഞ്ഞത്. നമുക്ക് നല്ലതെന്ന് തോന്നുന്നതാണ് നമ്മള്‍ ധരിക്കുന്നത്. അല്ലാതെ ഇത്തരത്തില്‍ കമന്റ് ചെയ്യുന്നവരുടെ സംസ്‌കാരം എന്താണ്?
‘ഞങ്ങള്‍ ധരിക്കുന്നത് ഞങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ കമന്റ് ചെയ്യുന്നവരുടെ ഇഷ്ടം നോക്കിയല്ല എന്നും അനശ്വര പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം 18ാം പിറന്നാള്‍ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിലൊരു ചിത്രമായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ധരിച്ച വസ്ത്രത്തിന്റെ ഇറക്കക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിനെതിരെ അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ രംഗത്തെത്തിയത്.
എന്നാല്‍ അതേ വസ്ത്രത്തില്‍ രണ്ട് ചിത്രം കൂടി ഷെയര്‍ ചെയ്ത് കൊണ്ട് താരം ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കൂടെ ചില കാര്യങ്ങള്‍ കൂടി അനശ്വര കുറിച്ചു.
‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മറിച്ച് എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനാണെന്ന് ഓര്‍ത്ത് സ്വയം ആശങ്കപ്പെടൂ’വെന്നായിരുന്നു താരം കുറിച്ചത്.
മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി.
തമിഴില്‍ രാംഗി എന്ന ചിത്രത്തില്‍ തൃഷയോടൊപ്പവും അനശ്വര അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന ചിത്രമാണ് അനശ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക