ആനന്ദം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍. ഗണേശ് രാജ് സംവിധാനം ചെയ്ത സിനിമ നിര്‍മിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. ചിത്രത്തിലെ അനാര്‍ക്കലിയുടെ കഥാപാത്രത്തിന് സിനിമയുടെ അവസാനം ഒരു ഡയലോഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് പറയുകയാണ് അനാര്‍ക്കലി. ആദ്യം പ്ലാന്‍ ചെയ്തപ്പോള്‍ വലിയ ഡയലോഗായിരുന്നു എന്നും എന്നാല്‍ സിനിമയില്‍ നിന്നും അത് ഒഴിവാക്കിയെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി പറഞ്ഞു.
‘ആനന്ദത്തില്‍ എനിക്ക് ശരിക്കും ഒരു ഡയലോഗ് കൂടിയുണ്ടായിരുന്നു. സിനിമയില്‍ അതുവരെ ഞാന്‍ ഡയലോഗ് പറയുന്നില്ലെങ്കിലും ഏറ്റവും ഒടുവില്‍ ഒരു മുഴുനീള ഡയലോഗുണ്ടല്ലോ. ആ ഡയലോഗൊന്ന് പറയാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അവസാനം അത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി.
പക്ഷെ എന്റെ ആ ഡയലോഗ് കട്ട് ചെയ്ത് കളഞ്ഞു. എനിക്കത് വലിയ സങ്കടമായി. കാരണം ബാക്കി എല്ലാവര്‍ക്കും ഡയലോഗ് ഉണ്ടല്ലോ. ശരിക്കും ഞാനന്ന് കരയുകയൊക്കെ ചെയ്തു. ആ സീന്‍ കട്ട് ചെയ്ത് കളഞ്ഞാലാണ് സിനിമക്ക് കൂടുതല്‍ ഇംപാക്ട് എന്നൊന്നും അന്നെനിക്ക് അറിയില്ലല്ലോ. കാരണം ഞാന്‍ വളരെ ചെറുതാണല്ലോ.
അങ്ങനെ ഞാന്‍ ഇരിക്കുമ്പോഴാണ് വിനീതേട്ടന്‍ എന്റെ ഫ്രണ്ടിനോട് പറയുന്നത്, അവളോട് സങ്കടപ്പെടരുതെന്ന് പറയണമെന്ന്. അവള്‍ക്ക് മനസിലാകാഞ്ഞിട്ടാ, സിനിമയില്‍ ഏറ്റവും കൂടുതല്‍ നോട്ടീസ് ചെയ്യപ്പെടുന്ന കഥാപാത്രം അവളുടേതായിരിക്കുമെന്നും പറഞ്ഞു. അവസാനത്തെ ഒരു ഡയലോഗ് മാത്രം വന്നാലെ രസമുള്ളു എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ വിനീതേട്ടന്‍ എന്നോട് ചോദിച്ചു, അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ ആ ഡയലോഗ് കട്ട് ചെയ്താലേ ഇംപാക്ട് ഉണ്ടാകുവെന്ന്,’ അനാര്‍ക്കലി മരക്കാര്‍ പറഞ്ഞു.
content highlight: actress anarkali marikkar about her first movie