പോസിറ്റീവ് എന്ന ചിത്രത്തിലൂടെ 2008ല്‍ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അനന്യ. പിന്നീട് മലയാളത്തിലും മറ്റ് ഭാഷകളിലും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിലിടം നേടിയ നടികൂടിയാണ് അനന്യ.
വിവാഹത്തിന് ശേഷം ഏറെ കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം ഭ്രമം എന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്റെ ഭാര്യയായി അഭിനയിച്ചുകൊണ്ടായിരുന്നു വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്.
ഭ്രമത്തിലെ അനന്യയുടെ കഥാപാത്രം ഏറെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. തന്റെ പുതിയ സിനിമയെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം അനന്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
‘വിവാഹത്തിന് മുമ്പേ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന കുടുംബമാണ്. അതുകൊണ്ട് സിനിമയില്‍ നിന്നും ഇടവേള എടുത്ത് പോയി കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനൊരു ആഗ്രഹം എനിക്കും വന്നിട്ടില്ല.
പിന്നെ നിര്‍ത്താതെ വര്‍ക്ക് ചെയ്തിരുന്ന കാലത്താണെങ്കില്‍ പോലും ഒന്നോ രണ്ടോ തവണ മാത്രമേ വിഷുവിനും ഓണത്തിനുമൊക്കെ വീട്ടില്‍ എത്താന്‍ പറ്റാതെ ആയിട്ടുള്ളു. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് ഓടിപോവേണ്ട അത്രയും തിരക്കിലായിരുന്നില്ല ഞാന്‍.
അന്നും ഇന്നും കുടുംബത്തിന്റെ കൂടെ ചെലവഴിക്കാന്‍ എനിക്ക് സമയം കിട്ടാറുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് കാര്യം. ഞാന്‍ ഒരുമിച്ച് സിനിമകള്‍ ഏറ്റെടുക്കാറില്ല, എനിക്കത് പറ്റില്ല. കാരണം നമുക്കത് ഭയങ്കര ബുദ്ധിമുട്ടായി മാറും. ഒരെണ്ണം കഴിഞ്ഞ് സമാധാനമായതിന് ശേഷമാണ് അടുത്തത്.
ഇടയ്ക്ക് രണ്ട് ഭാഷ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കേണ്ടി വന്നിരുന്നു. ആ സമയത്ത് ഉണ്ടാവുന്ന പ്രശ്നമെന്ന് പറഞ്ഞാല്‍ അവിടുത്തെ ഭാഷ വന്ന് ഇവിടെ പറയും. അല്ലെങ്കില്‍ നേരെ തിരിച്ച് അങ്ങോട്ടും സംഭവിക്കും. മലയാളം മറന്നുപോയോ എന്നൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്,’ അനന്യ പറയുന്നു.
സണ്ണി വെയ്‌നെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ ആണ് അനന്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് സൂചന. സംവിധായകനൊപ്പം ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അലന്‍സിയര്‍, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം പപ്പു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, ഗാനരചന അന്‍വര്‍ അലി, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി. പണിക്കര്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, കലാസംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ് , പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. തൊടുപുഴ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Content Highlights: Actress Ananya says about her marriage and movies