കുറെ സ്‌ക്രിപ്റ്റുകള്‍ കേട്ടു, പക്ഷെ കരിയറിന് ഗുണമാകുന്നവ കുറവായിരുന്നു, അതുകൊണ്ട് ആ തീരുമാനമെടുത്തു: അനന്യ
Entertainment
കുറെ സ്‌ക്രിപ്റ്റുകള്‍ കേട്ടു, പക്ഷെ കരിയറിന് ഗുണമാകുന്നവ കുറവായിരുന്നു, അതുകൊണ്ട് ആ തീരുമാനമെടുത്തു: അനന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 4:24 pm

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്‍ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ് എന്ന സിനിമയിലൂടെ ബാലതാരമായാണ് അനന്യ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും തന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ അനന്യ പക്ഷെ കുറച്ചുകാലം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് രവി. കെ. ചന്ദ്രന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ഭ്രമം എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും സിനിമയില്‍ സജീവമാകുന്നത്.

അനന്യയുടെ ഏറ്റവും പുതിയ മലയാള ചിത്രമാണ് മജുവിന്റെ സംവിധാനത്തില്‍ ഡയറക്ട് ഒ.ടി.ടി റിലീസിനെത്തിയ അപ്പന്‍. അപ്പനിലെ റോസി എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അനന്യക്ക് കഴിഞ്ഞിരുന്നു. നടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് അപ്പന്‍.

ഇപ്പോള്‍ സിനിമയില്‍ നിന്നും മാറിനിന്നതിന്റെ കാരണത്തിന്റെ കുറിച്ച് സംസാരിക്കുകയാണ് അനന്യ. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വ്യക്തമാക്കിയത്. സെലക്ടീവായി സിനിമ ചെയ്യുന്നതുകൊണ്ടാണോ മലയാളത്തില്‍ അധികം സിനിമ ചെയ്യാതിരുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനന്യ.

‘സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു പക്ഷെ അതില്‍ നമുക്ക് താത്പര്യം തോന്നുന്ന തരത്തിലുള്ള ഒന്നും ഉണ്ടായിരുന്നില്ല. നല്ല അഭിപ്രായങ്ങള്‍ കിട്ടുന്ന, കരിയറിന് ഉയര്‍ച്ച തരാന്‍ സാധ്യതയുള്ള സിനിമകള്‍ വളരെ കുറവായിരുന്നു. അങ്ങനെയാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്,’ അനന്യ പറഞ്ഞു.

അപ്പന്‍ സിനിമയില്‍ സണ്ണി വെയ്‌നുമൊത്തുള്ള അനുഭവങ്ങള്‍ കൂടി താരം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘എനിക്ക് സണ്ണിയെ നേരത്തെ മുതലറിയാം. ഞങ്ങളൊരുമിച്ച് രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇത് മൂന്നാമത്തെ സിനിമയാണ്. അതുകൊണ്ട് തന്നെ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സുഹൃത്തുക്കളായതുകൊണ്ട് നമുക്ക് ഒരു സീന്‍ എക്സ്പ്ലെയ്ന്‍ ചെയ്തു തരാനും അതില്‍ എന്തെങ്കിലുമൊരു മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും അങ്ങനെ പൊതുവെ എല്ലാ കാര്യത്തിലും ഫ്രീയായിട്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു.

എടാ നമുക്ക് ഇങ്ങനെ ചെയ്താലോ എന്ന ചോദിക്കുമ്പോള്‍ സണ്ണിയും നമ്മളെ ഈക്വലി സപ്പോര്‍ട്ട് ചെയ്യുമായിരുന്നു. അത്തരത്തില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു കെമിസ്ട്രി ഉണ്ടായിരുന്നു,’ അനന്യ പറഞ്ഞു.

അപ്പന്‍ സിനിമയുടെ പ്രമേയവും കഥാപാത്രസൃഷ്ടിയും താരങ്ങളുടെ അഭിനയവുമൊക്കെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ചയായിരുന്നു. സണ്ണി വെയ്‌നും അനന്യക്കുമൊപ്പം അലന്‍സിയര്‍, പൗളി വത്സന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിന്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Actress Ananya about taking break from movies