പോസിറ്റീവ് എന്ന സിനിമയിലൂടെ കടന്നുവന്ന മലയാളികളുടെ ഇഷ്ട നടിയാണ് അനന്യ. ചെറിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ തയ്യാറായിരിക്കുകയാണ് നടിയിപ്പോള്‍. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഇതുവരെയുണ്ടായ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.
കുഞ്ചാക്കോ ബോബനുമായി അഭിനയിക്കുമ്പോള്‍ ഒരു പ്രശ്‌നമേയുള്ളൂവെന്നും അത് ഡാന്‍സാണെന്നും നടി പറഞ്ഞു. കുഞ്ചാക്കോ ബോബന്‍ ഡാന്‍സ് പഠിച്ച് വിശ്രമിക്കുമ്പോള്‍ താന്‍ തുടങ്ങുന്നേയുണ്ടാകുള്ളുവെന്നും താരം പറഞ്ഞു.
‘ചാക്കോച്ചന്റെ കൂടെയുള്ള ഒറ്റ പ്രശ്‌നം ഡാന്‍സ് പെട്ടെന്ന് പഠിക്കും. ഞാന്‍ വളരെ സ്ലോ ആയിട്ടേ പഠിക്കുകയുള്ളൂ. ചാക്കോച്ചന്‍ ഡാന്‍സൊക്കെ പഠിച്ച് വിശ്രമിക്കുമ്പോള്‍ ഞാനിവിടെ സ്‌റ്റെപ്പ് പഠിക്കാന്‍ തുടങ്ങും. കേരളത്തിലെ മൈക്കിള്‍ ജാക്‌സണ്‍, അങ്ങനെ എന്തൊക്കെയോയല്ലേ പേര് കൊടുത്തിരുന്നത്. ഞങ്ങള്‍ അഭിനയിച്ച എല്ലാ സിനിമയിലും ഡാന്‍സുണ്ട്.
ചാക്കോച്ചന്‍ പെട്ടെന്ന് പഠിക്കും. എനിക്ക് വളരെ ബുദ്ധിമുട്ടാണ്. പേടിച്ചിട്ടാണ്. ഡാന്‍സ് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പഠിച്ചിട്ടുണ്ട്. ഒന്നാമത് ഇന്‍ഹിബിഷനാണ്. ഇന്‍ഹിബിഷന്‍ വെച്ചിട്ട് സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല,’ അനന്യ പറഞ്ഞു.
ക്യാമറ മാത്രം നോക്കി അഭിനയിക്കാന്‍ പറയുമ്പോള്‍ ഒന്ന് രണ്ട് വട്ടം ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെന്നും ഇപ്പോള്‍ അങ്ങനെയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ക്യാമറ മാത്രം നോക്കി അഭിനയിക്കുമ്പോള്‍ പണ്ട് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ കുറച്ച് കൂടി സീരിയസായി സിനിമയെ നോക്കുന്ന കാരണം നമ്മള്‍ ആ കഥാപാത്രമായി നില്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പണ്ട് നമുക്ക് ചിരി വരും. ക്യാമറ നോക്കി പറയുമ്പോള്‍ ചമ്മലൊക്കെയായിരിക്കും. നന്നാകുമോ എന്നൊക്കെ തോന്നലുണ്ടാകും. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല,’ അനന്യ പറഞ്ഞു.
മലയാളത്തില്‍ തേര്‍ഡ് മര്‍ഡര്‍, നില എന്നീ സിനിമകളാണ് അനന്യയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രങ്ങള്‍. ഡീസല്‍ എന്ന തമിഴ് ചിത്രവും പുറത്തിറങ്ങാനുണ്ട്.
content highlight: actress ananya about kunchacko boban