മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം എത്തി മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് അനന്യ. ഭ്രമം എന്ന ചിത്രത്തിലെ സ്‌നേഹ എന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെയാണ് താരം അവതരിപ്പിരിക്കുന്നത്.
എന്നാല്‍ പഠിക്കുന്ന കാലത്തൊക്കെ അഭിനയിക്കുമെന്നോ നടിയാകുമെന്നോ എന്നൊന്നും താന്‍ കരുതിയിരുന്നില്ലെന്നും അന്നൊക്കെ ഡോക്ടറാവാനായിരുന്നു തന്റെ ആഗ്രഹമെന്നും പറയുകയാണ് അനന്യ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കുട്ടിക്കാലത്തെ ചില രസകരമായ ചിന്തകളെ കുറിച്ച് താരം പങ്കുവെച്ചത്.
ആയുര്‍വേദ ഡോക്ടര്‍ ആവാനായിരുന്നു ആഗ്രഹമെന്ന് കേട്ടിട്ടുണ്ടല്ലോ അത് ശരിയായിരുന്നോ എന്ന ചോദ്യത്തിന് ഈ വിവരങ്ങളൊക്കെ എവിടുന്ന് കിട്ടിയെന്നായിരുന്നു അനന്യയുടെ ചോദ്യം. എന്നെ അത്രയ്ക്ക് പേഴ്‌സണലായി അറിയുന്ന ആരോ ആണ് ഇത് പറഞ്ഞതെന്ന് മനസിലായെന്നും താരം പറഞ്ഞു.
”ശരിക്കും പറഞ്ഞാല്‍ ഒരു ചൈല്‍ഡിഷ് കാര്യമാണ് അന്ന് വര്‍ക്ക് ഔട്ട് ചെയ്തത്. പത്താം ക്ലാസിലൊക്കെ പഠിക്കുന്ന സമയമാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എന്ത് എടുക്കണം, ഏത് കോഴ്‌സില്‍ പോകണം എന്നൊക്കെയുള്ള ആലോചനയായി. എന്തായാലും ഡോക്ടര്‍ ആവണമെന്നാണ് ഇഷ്ടം. എം.ബി.ബി.എസ് ചെയ്തിട്ട് അതില്‍ നമുക്ക് എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ പ്രശ്‌നമാണല്ലോ ആയുര്‍വേദം ആകുമ്പോള്‍ പിന്നെ കുറേ കഷായവും അരിഷ്ടവുമൊക്കെയല്ല, സേഫ് സോണില്‍ നമുക്ക് കളിക്കാം(ചിരി). അതായിരുന്നു യഥാര്‍ത്ഥത്തില്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് സിനിമയിലെത്തി. ഡോക്ടര്‍ ആവണമെന്ന ആ ചിന്തയൊക്കെ മറന്നേ പോയി. പഠിച്ചതൊക്കെ പെരുമ്പാവൂരിലാണ്. സ്‌കൂളിലായാലും കോളേജിലായാലും വലിയ ബഹളമൊന്നും ഇല്ലാത്ത, അലമ്പൊന്നും അല്ലാത്ത ഒരാളായിരുന്നു എന്നാണ് തോന്നുന്നത്,” അനന്യ പറയുന്നു.
കുറേ കാലത്തിന് ശേഷം ചെയ്യുന്ന മലയാള സിനിമയായിരുന്നു ഭ്രമമെന്നും അതുകൊണ്ട് തന്നെ തനിക്ക് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും അനന്യ പറയുന്നു.
വളരെ നല്ല റെസ്‌പോണ്‍സ് ആണ് ആളുകളില്‍ നിന്ന് കിട്ടിയത്. എന്റേത് ചെറിയൊരു ക്യാരകട്‌റാണ്. ടിയാന്‍ ഇറങ്ങിയ ശേഷം ഞാന്‍ മലയാള സിനിമ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന ഒരു മലയാള ചിത്രമായതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആളുകള്‍ ഇത് സ്വീകരിക്കുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ആളുകള്‍ സിനിമയേയും എന്റെ കഥാപാത്രത്തേയും സ്വീകരിച്ചു, അനന്യ പറഞ്ഞു.