മൂന്ന് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി അനന്യ. ഭ്രമം എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വേഷത്തിലാണ് അനന്യ എത്തുന്നത്.
അന്യഭാഷയില്‍ താന്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നെന്നും മലയാളത്തിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അനന്യ പറയുന്നു.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടണം എന്നൊരു ആഗ്രഹമുണ്ടായിരുന്നെന്നും ഭ്രമത്തിലെ കഥാപാത്രത്തില്‍ വളരെ സന്തോഷമുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞു.
മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ ഒരു അഭിനേതാവിന് തോന്നുകയുള്ളൂ. വളരെ വ്യത്യസ്തതയുള്ള, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷേ എന്തുകൊണ്ടോ എന്നെ തേടിയെത്തുന്നതെല്ലാം പാവപ്പെട്ട വീട്ടിലെ കുട്ടി, പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടി ടൈപ്പ് കഥാപാത്രങ്ങളായിരുന്നു.
അത്തരം കഥാപാത്രങ്ങള്‍ മനപൂര്‍വം തിരഞ്ഞെടുക്കുന്നതല്ല. വരുന്ന വേഷങ്ങളില്‍ നല്ലത് സ്വീകരിക്കുകയാണ്, അനന്യ പറഞ്ഞു.
അതേസമയം അന്യഭാഷയില്‍ തനിക്ക് കുറച്ചുകൂടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവിടെ അത്തരം വേഷങ്ങള്‍ തേടി വരാത്തതില്‍ ചെറിയൊരു പരിഭവമുണ്ടെന്നും അനന്യ പറയുന്നു. അവസരം തന്നാലല്ലേ ഒരു കലാകാരിയെന്ന നിലയില്‍ നമുക്ക് തെളിയിക്കാനാവൂ. അവസരം ലഭിക്കുകയാണെങ്കില്‍ അത് നന്നായി തന്നെ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം.
നല്ല തിരക്കഥകള്‍ വരാതിരുന്നതില്‍ സങ്കടം തോന്നിയിട്ടുണ്ട്. പലപ്പോഴും എന്തിനാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്മൂത്ത് കരിയര്‍ ആയിരുന്നില്ല എന്റേത്. എങ്കിലും 2021 ല്‍ രണ്ട് മലയാള ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, താരം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Ananya About Her Movie Career