അമല്‍നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ 14 വര്‍ഷത്തിന് ശേഷം ഒരുങ്ങിയ ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പായിരുന്നു ഭീഷ്മ പര്‍വ്വത്തിലൂടെ അമല്‍ നീരദ് പരീക്ഷിച്ചത്. ഒപ്പം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ ആഴവും പ്രാധാന്യവും ഉണ്ടായിരുന്നു.
ചിത്രത്തില്‍ അത്തരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അനഘ മരുതോര അവതരിപ്പിച്ച റേച്ചല്‍. സങ്കീര്‍ണമായ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു റേച്ചല്‍. അതിമനോഹരമായി തന്നെ റേച്ചലിനെ അവതരിപ്പിക്കാന്‍ അനഘയ്ക്ക് സാധിച്ചിരുന്നു. വളരെ ബോള്‍ഡായ അതേസമയം പലതരം ട്രോമയിലൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു റേച്ചലിന്റേത്.
കഥാപാത്രത്തെ കുറിച്ച് കേട്ട സമയത്ത് ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റിയ കാര്യമെന്തായിരുന്നെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനഘ. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനഘ.
‘പലര്‍ക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാന്‍. അത്തരത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു തീവ്ര പ്രണയം പലര്‍ക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി.
അമല്‍ സാര്‍ കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ പേഴ്‌സണലി ആ കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് സര്‍ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയിരുന്നു.
ഭീഷ്മ പര്‍വ്വത്തിന്റെ കഥ ബ്രീഫായി അമല്‍സര്‍ പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തന്നു. റേച്ചലിന്റെ കാര്യത്തില്‍ ട്രോമ ആണെങ്കിലും റൊമാന്‍സ് ആണെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി.
കാരണം ഞാന്‍ അത്തരം അവസ്ഥകളിലൂടെയൊക്കെ എന്റെ ലൈഫില്‍ എപ്പോഴൊക്കെയോ പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്നെ അഭിനയിക്കുന്ന സമയത്താണെങ്കില്‍ അമല്‍ സാര്‍ ഒരുപാട് ഫ്രീഡം തരും. അങ്ങനെ നടക്കണം, ഇങ്ങനെ നടക്കണം ഇങ്ങനെ ചെയ്യണം എന്നൊന്നും അദ്ദേഹം പറയില്ല. സിറ്റുവേഷന്‍ വളരെ ഡീറ്റെയില്‍ ആയി എക്‌സ്‌പ്ലൈന്‍ ചെയ്യും. സീനിന്റെ ഇമോഷന്‍സ് പറയും. സാറിന് വേണ്ട രീതിയില്‍ കിട്ടുന്നതുവരെ സീന്‍ ഇംപ്രവൈസ് ചെയ്യും. അതുകൊണ്ട് തന്നെ ഷൂട്ട് വളരെ കംഫര്‍ട്ടായിരുന്നു,’ അനഘ പറഞ്ഞു.