റേച്ചല്‍-അമി റിലേഷനില്‍ ഫിസിക്കല്‍ ഇന്റിമസി പ്രധാനപ്പെട്ട ആസ്‌പെക്ട് ആയിരുന്നു; 'ആകാശം പോലെ' ഗാനരംഗം പ്ലാന്‍ ചെയ്ത കൊറിയോഗ്രഫി അല്ല: അനഘ മരുതോര
Movie Day
റേച്ചല്‍-അമി റിലേഷനില്‍ ഫിസിക്കല്‍ ഇന്റിമസി പ്രധാനപ്പെട്ട ആസ്‌പെക്ട് ആയിരുന്നു; 'ആകാശം പോലെ' ഗാനരംഗം പ്ലാന്‍ ചെയ്ത കൊറിയോഗ്രഫി അല്ല: അനഘ മരുതോര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 3:45 pm

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളായിരുന്നു റേച്ചലും അമിയും. ഇരുവരുടേയും പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റ് സ്വീകന്‍സുകളായിരുന്നു.

റേച്ചലിലൂടെയും അമിയിലൂടെയുമായിരുന്നു കഥ മറ്റൊരു തലത്തിലേക്ക് എത്തുന്നത്. ശ്രീനാഥ് ഭാസിയും അനഘ മരുതോരയുമായിരുന്നു ചിത്രത്തില്‍ റേച്ചലും അമിയുമായി എത്തിയത്. അതി മനോഹരമായ ഒരു കെമിസ്ട്രിയായിരുന്നു ഇരുവരുടേയും.

ഇരുവരുടേയും പ്രണയത്തിന്റെ ആഴം വ്യക്തമാക്കുന്ന ആകാശം പോലെയെന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ഭീഷ്മയിലെ കഥാപാത്രത്തെ കുറിച്ചും ആകാശം പോലെയെന്ന ഗാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനഘ മരുതോര. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ആകാശം പോലെ ഗാനം ചിത്രീകരിച്ചതിനെ കുറിച്ച് താരം മനസുതുറന്നത്.

‘ ആകാശം പോലെ എന്ന ഗാനം കൊറിയോഗ്രാഫി വെച്ച് പ്ലാന്‍ ചെയ്ത് ചെയ്തതല്ല. അമല്‍ സാര്‍ ഒരുപാട് സ്‌പേസ് തന്നിട്ടുണ്ടായിരുന്നു. സര്‍ പറഞ്ഞതില്‍ നിന്നും എനിക്ക് മനസിലായത് റേച്ചല്‍-അമി റിലേഷന്‍ഷിപ്പില്‍ ഒരു പോയിന്റില്‍ ഫിസിക്കല്‍ ഇന്റിമസി എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ആസ്‌പെക്ട് ആണെന്നാണ്.

പ്രത്യേകിച്ച് അവര്‍ തമ്മിലുള്ള ഒരു റിലേഷന്‍ ആര്‍ക്കും അറിയില്ല. അപ്പോള്‍ അവരുടെ പ്രൈവറ്റ് ടൈമില്‍ ഫിസിക്കല്‍ ഇന്റിമസി എന്നത് വലിയ ആസ്‌പെക്ട് ആയിരുന്നു. അങ്ങനെയുള്ള ഇന്‍പുട്‌സ് ഒക്കെ സാര്‍ തരുന്നുണ്ടായിരുന്നു.

ഇങ്ങനെയാണ് സിറ്റുവേഷന്‍ എന്ന കാര്യങ്ങളൊക്കെ പറഞ്ഞു തരും. അത് വെച്ചിട്ട് ഞാനും ശ്രീനാഥ് ഭാസിയും ചെയ്തു എന്ന് മാത്രമേയുള്ളു. ഒരുപാട് പ്ലാന്‍ ചെയ്തിട്ടൊന്നും ചെയ്തതല്ല.

ആളുകള്‍ ആ സോങ് തിയേറ്ററില്‍ കാണുമ്പോള്‍ അവര്‍ അത് എങ്ങനെ എടുക്കുമെന്ന ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷേ ആളുകള്‍ ഇമോഷണലി ഇന്‍വോള്‍വ്ഡ് ആയിട്ട് കാണുന്നതുപോലെ എനിക്ക് തോന്നി. അതില്‍ വളരെ സന്തോഷം. ഒരുപാട് ദിവസമൊന്നും ഇത് ഷൂട്ട് ചെയ്തിട്ടില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ ഷൂട്ട് കഴിഞ്ഞിരുന്നു, അനഘ പറഞ്ഞു.

റേച്ചല്‍ എന്ന കഥാപാത്രത്തെ കുറിച്ച് അമല്‍നീരദ് പറഞ്ഞപ്പോള്‍ തനിക്ക് അത് പെട്ടെന്ന് തന്നെ കണക്ട് ആയെന്നും അനഘ അഭിമുഖത്തില്‍ പറഞ്ഞു.

‘പലര്‍ക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാന്‍. അത്തരത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു തീവ്ര പ്രണയം പലര്‍ക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി.

അമല്‍ സാര്‍ കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ പേഴ്‌സണലി ആ കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് സര്‍ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയിരുന്നു.

ഭീഷ്മ പര്‍വ്വത്തിന്റെ കഥ ബ്രീഫായി അമല്‍സര്‍ പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തന്നു. റേച്ചലിന്റെ കാര്യത്തില്‍ ട്രോമ ആണെങ്കിലും റൊമാന്‍സ് ആണെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി.

കാരണം ഞാന്‍ അത്തരം അവസ്ഥകളിലൂടെയൊക്കെ എന്റെ ലൈഫില്‍ എപ്പോഴൊക്കെയോ പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭീഷ്മ പര്‍വ്വം ആളുകള്‍ സ്വീകരിച്ചതില്‍ ഭയങ്കര എക്‌സൈറ്റഡാണെന്നും താരം പറഞ്ഞു. ഭീഷ്മയ്ക്ക് ശേഷം നല്ല കഥാപാത്രങ്ങള്‍ തേടിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിരവധി കഥകള്‍ കേള്‍ക്കുന്നുണ്ട്. നല്ലത് വരുമ്പോള്‍ ചെയ്യാമെന്ന് വിചാരിച്ചുവെച്ചിരിക്കുകയാണ്, അനഘ പറഞ്ഞു.

ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷമൊന്നുമല്ല താന്‍ ഒരു കഥാപാത്രമായി മാറുന്നതെന്നും അത്തരത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ മെക്കാനിക്കലായി തോന്നുമെന്നും താരം പറഞ്ഞു.

Content Highlight: Actress Anagha says on Phisical Intimacy in Bheeshmaparvam Characters