അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഇന്‍സെള്‍ട്ട് ചെയ്തവരുണ്ട്, കാണാന്‍കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, അന്നൊക്കെ ഒത്തിരി കരഞ്ഞിട്ടുണ്ട്: അമൃത
Malayalam Cinema
അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഇന്‍സെള്‍ട്ട് ചെയ്തവരുണ്ട്, കാണാന്‍കൊള്ളില്ലെന്ന് പറഞ്ഞവരുണ്ട്, അന്നൊക്കെ ഒത്തിരി കരഞ്ഞിട്ടുണ്ട്: അമൃത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th May 2021, 11:52 am

ഒരു കാലത്ത് തന്നെ തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് തന്നെ അംഗീകരിക്കുകയാണെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് കലാരംഗത്ത് താന്‍ എത്തിയതെന്നും പറയുകയാണ് നടി അമൃത.

അഭിനയം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നെങ്കിലും എങ്ങനെയാണ് സിനിമാ-സീരിയല്‍ രംഗത്തേക്ക് എത്തിച്ചേരുകയെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അമൃത കേരളകൗമുദി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബവിളക്ക് എന്ന സീരിയലില്‍ ശീതല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃതയിപ്പോള്‍. ഇനി തന്റെ അടുത്തലക്ഷ്യം സിനിമയാണെന്നും അമൃത പറയുന്നു.

‘ ഈ രംഗത്തേക്ക് വന്നപ്പോള്‍ എനിക്ക് ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവെ എല്ലാവരും സിനിമയിലും സീരിയലിലും എത്തിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ ജീവിതം തീര്‍ന്നുവെന്നാണല്ലോ കരുതുതുന്നത്.

എനിക്ക് അത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇന്നിപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും വലിയ കാര്യമാണ്. അവരൊക്കെ അഭിമാനത്തോടെ പറയാറുണ്ട് ശീതള്‍ സ്വന്തം കുട്ടിയാണെന്നൊക്കെ.

ഞാന്‍ കരുതിയിരുന്നത് ഈ ലോകത്ത് ഏറ്റവും ഈസിയായിട്ടുള്ള ജോലി അഭിനയമാണെന്നാണ്. പക്ഷേ അതിലേക്ക് എത്തിയപ്പോഴല്ലേ അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലാകുന്നത്. തുടക്കത്തില്‍ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട്. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് നല്ലതുപോലെ ഇന്‍സള്‍ട്ട് ചെയ്തിട്ടുണ്ട്. കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിട്ടുണ്ട്.

ഇപ്പോള്‍ അവര്‍ക്കൊക്കെ മറുപടി കൊടുക്കാന്‍ കഴിഞ്ഞത് കുടുംബവിളക്കിലൂടെയാണ്. അന്നൊക്കെ എത്രയോ രാത്രികളില്‍ ഉറങ്ങാതെ കരഞ്ഞുകിടന്നിട്ടുണ്ട്. വേദനിച്ചപ്പോഴൊക്കെ മനസില്‍ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്. ഇപ്പോള്‍ അന്ന് വേദനിപ്പിച്ചവരാണ് അഭിനന്ദിക്കുന്നത്. അതിനെല്ലാം ദൈവത്തിനോടാണ് നന്ദി പറയുന്നത്. ഡാന്‍സോ പാട്ടോ ഒന്നും പഠിച്ചിട്ടില്ല. എന്നിട്ടും ഈ ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത് ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ടാണ്.

തുടക്കക്കാലത്ത് ഓരോ കഥാപാത്രത്തിനും വേണ്ട ഡ്രസും ഓര്‍ണമെന്റ്‌സും ഒക്കെ സംഘടിപ്പിക്കണം. അന്ന് അതിനൊന്നുമുള്ള പൈസയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതെല്ലാം മാറി. ഇനി നല്ലൊരു സിനിമയുടെ ഭാഗമാകണമെന്നുണ്ട്,’ അമൃത പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Amrutha About Her Career and life