1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു. നായകനായും വില്ലനായും തിളങ്ങിയ ലാല്‍ ഒരു സൂപ്പര്‍താരമായി മാറിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍.
വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ ലാലിന്റെ കരിയര്‍ തന്നെ മാറ്റിമറച്ചു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും ആരാധകര്‍ അക്കാലത്ത് ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. ഒരു നടനെന്ന നിലയില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് രാജാവിന്റെ മകന് ശേഷം മോഹന്‍ലാലിന്റെ കരിയറില്‍ സംഭവിച്ചത്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവുമായിരുന്നു ഇത്.
അംബികയായിരുന്നു ചിത്രത്തിലെ നായിക. രാജാവിന്റെ മകനില്‍ അഭിനയിച്ചപ്പോള്‍ മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അംബിക. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
എണ്‍പതുകളുടെ വെള്ളിത്തിരയില്‍ വസന്തം സൃഷ്ടിച്ച മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരരായ എട്ടുനായികമാരായിരുന്നു വനിതയുടെ അഭിമുഖത്തിനായി ഒത്തുചേര്‍ന്നത്. ഇതിനിടെ നടി ജലജയായിരുന്നു ഈ ചോദ്യം അംബികയോട് ചോദിച്ചത്.
‘രാജാവിന്റെ മകനില്‍ നായകന്‍ മോഹന്‍ലാല്‍ വാങ്ങിയതിലും പ്രതിഫലം അംബിക ചേച്ചിക്കാണ് ലഭിച്ചതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സംഗതി സത്യമാണോ’ എന്നായിരുന്നു ജലജയുടെ ചോദ്യം.
ഇന്‍കംടാക്‌സുകാര്‍ അന്വേഷിച്ചുവരുമോ എന്നായിരുന്നു ചോദ്യത്തോടുള്ള അംബികയുടെ പ്രതികരണം. പത്ത് മുപ്പത് വര്‍ഷം മുന്‍പല്ലേ, പേടിക്കേണ്ടെന്ന് നടി നദിയ മൊയ്തു കൂടി പറഞ്ഞതോടെ സംഗതി സത്യമാണെന്ന് അംബികയും സമ്മതിച്ചു.
1986 ജൂലൈ 17 റിലീസ് ചെയ്ത രാജാവിന്റെ മകന്റെ തിരക്കഥ ഡെന്നീസ് ജോസഫായിരുന്നു. മോഹന്‍ലാല്‍, രതീഷ്, അംബിക, സുരേഷ് ഗോപി, മോഹന്‍ ജോസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.
മമ്മൂട്ടിക്ക് വേണ്ടി എഴുതപ്പെട്ട കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലെ വിന്‍സെന്റ് ഗോമസെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡെന്നീസ് ജോസഫ്തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് വേഷം മോഹന്‍ലാലില്‍ എത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: Actress Ambika on Rajavinte Makan and Mohanlal remuneration