സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന സൈബര്‍ അറ്റാക്കുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് തുറന്നുസംസാരിച്ച് നടി അമല പോള്‍. തന്റെ ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരു നടിയാണ്, ഇന്‍ഫ്‌ളുവന്‍സറാണ് എന്ന ബോധം എവിടെ പോകുമ്പോഴുമുണ്ടെന്നും അതിനനുസരിച്ച് ഒരു ബാലന്‍സിങ്ങിലാണ് പെരുമാറാറുള്ളതെന്നും അമല പറയുന്നു.
”എന്റെ എനര്‍ജിയെ കുറിച്ച് ഞാന്‍ വളരെ ബോധവതിയാണ്. എന്റെ എനര്‍ജി എവിടെയൊക്കെ എത്രത്തോളം ഇന്‍വെസ്റ്റ് ചെയ്താല്‍ എനിക്ക് ഉപകാരമാകും, അതെങ്ങനെയാണ് എന്നെ ബാധിക്കുക, ആ ബാലന്‍സിങ് എങ്ങനെയാണ് എന്നൊക്കെ നമ്മള്‍ കുറച്ച് കഴിയുമ്പോള്‍ പഠിക്കും.
ആ ഒരു ഫേസിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എവിടെ പോകുമ്പോഴും ഞാന്‍ ഒരു ആക്ടറാണ്, ഒരു ഇന്‍ഫ്‌ളുവന്‍സറാണ് എന്ന ബോധം എനിക്കുണ്ട്. അതിനനുസരിച്ചുള്ള ബാലന്‍സിലാണ് ഞാന്‍ ട്രാവല്‍ ചെയ്യുന്നത്.
നെഗറ്റീവ്‌സും ക്രിട്ടിസിസവും ഒക്കെയുണ്ടാകും. പക്ഷെ അതിനെ മാത്രം ഫോളോ ചെയ്ത് പോയിട്ടെന്താണ് കാര്യം ? ഇനി അഥവാ ഫോളോ ചെയ്യേണ്ട കാര്യമാണെങ്കില്‍ അതിനനുസരിച്ചുള്ള എനര്‍ജി ചെലവഴിച്ച് കറക്ട് ടൈമില്‍ അതില്‍ നിന്നും വേര്‍പെടുക, എന്ന പ്രോസസ് ആണ് എന്റേത്,” അമല പോള്‍ പറഞ്ഞു.
താന്‍ സോഷ്യല്‍ മീഡിയ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും എപ്പോഴും അപ്‌ഡേറ്റ്‌സ് കൊടുക്കുന്നതിനോട് കംഫര്‍ട്ടബിളല്ലെന്നും അമല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
”സോഷ്യല്‍ മീഡിയ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഒരാളാണ് ഞാന്‍. തുടര്‍ച്ചയായി ലൈവ് അപ്‌ഡേറ്റ്‌സ് കൊടുക്കുന്നതില്‍ കംഫര്‍ട്ടബിളായ ഒരാളല്ല ഞാന്‍. എവിടെയെങ്കിലും പോയി ഫോട്ടോകള്‍ എടുക്കുന്നുണ്ടെങ്കില്‍ തന്നെ ചിലപ്പോള്‍ പിറ്റേ വര്‍ഷമായിരിക്കും ആ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്.
അത് ആവശ്യമനുസരിച്ചാണ്. കൂടുതലും സിനിമാ പ്രൊമോഷനും ക്യാമ്പെയിനിനുമൊക്കെയാണ് ഫോട്ടോകള്‍ ഇടാറ്. കാരണം ഞാന്‍ തന്നെയാണ് എന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുന്നത്. ഫാന്‍സുമായി കണക്ട് ചെയ്യാനും എന്തെങ്കിലും ഇന്‍സ്‌പെയറിങ്ങായ കാര്യം ഷെയര്‍ ചെയ്യാനുമൊക്കെ ഉപയോഗിക്കാറുണ്ട്.
വളരെ ലിമിറ്റഡായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളാണ് ഞാന്‍,” താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരിടവേളക്ക് ശേഷം അമല പോള്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ടീച്ചര്‍ എന്ന ചിത്രം റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഫഹദ് ഫാസില്‍-സായ് പല്ലവി കൂട്ടുകെട്ടിലെത്തിയ അതിരന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിവേകാണ് ടീച്ചര്‍ എന്ന സിനിമയും ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അതേസമയം, ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം, ബി. ഉണ്ണിക്കൃഷ്ണന്‍- മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ക്രിസ്റ്റഫര്‍ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന അമല പോളിന്റെ മറ്റ് മലയാളം ചിത്രങ്ങള്‍.
Content Highlight: Actress Amala Paul about using social media and cyber attacks