ലിപ്സ്റ്റിക് വിവാദത്തില്‍ പ്രതികരണവുമായി നടി ആലിയ ഭട്ട്. ആളുകള്‍ പറയുന്ന വിമര്‍ശനങ്ങള്‍ക്ക് വേര്‍വിപരീതമാണ് രണ്‍ബീറെന്നും ചര്‍ച്ച ചെയ്യേണ്ട വേറെ എത്രയോ വിഷയങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്നും ആലിയ പറഞ്ഞു. പ്രചരിക്കുന്ന വീഡിയോയിലെ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണെന്നും ആലിയ പറഞ്ഞു. കോഫി വിത്ത് കരണ്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ വളരെ ഓപ്പണായി സംസാരിക്കുന്ന ആളാണ്. ജീവിതത്തില്‍ സംഭവിച്ച എന്തിനേയെങ്കിലും പറ്റി സംസാരിക്കുമ്പോള്‍ അതില്‍ പറയുന്ന വ്യക്തിയെ അനുകരിക്കാനും ആ കഥകള്‍ പറയാനും എനിക്ക് ഇഷ്ടമാണ്.
അടുത്തിടെ പ്രചരിച്ച വീഡിയോ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്. കാര്യങ്ങള്‍ കൈ വിട്ടുപോവുകയാണല്ലോ എന്ന് അടുപ്പക്കാരില്‍ ചിലര്‍ പറഞ്ഞിരുന്നു. അത് അതിന്റെ വഴിക്ക് പോട്ടെ എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. പക്ഷേ പിന്നീട് രണ്‍ബീര്‍ എത്ര വലിയ ടോക്‌സിക്കായ വ്യക്തിയാണെന്ന് പറഞ്ഞ് വലിയ ലേഖനങ്ങള്‍ വരുന്നത് കണ്ടു. എന്താണീ സംഭവിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. നമ്മള്‍ ശ്രദ്ധ കൊടുക്കേണ്ട എത്രയോ വലിയ വിഷയങ്ങള്‍ ലോകത്ത് നടക്കുന്നു.
എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ആളുകള്‍ പറയുന്നതിന്റെ നേര്‍വിപരീതമാണ് രണ്‍ബീര്‍. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം, നിന്റെ സിനിമകള്‍ നന്നായി പോകുന്നിടത്തോളം കാലം വെറുതെയിരുന്ന് പരാതി പറയേണ്ട ആവശ്യമില്ല എന്നാണ് രണ്‍ബീര്‍ ഇതിനെ പറ്റി പറയാറുള്ളത്,’ ആലിയ പറഞ്ഞു.
വോഗ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം ആലിയ പറഞ്ഞത്. താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ്
അദ്ദേഹത്തിന് ഇഷ്ടമെന്നും ആയിരുന്നു ആലിയ പറഞ്ഞത്. രണ്‍ബീര്‍ എപ്പോഴും ലിപ്സ്റ്റിക്ക് തുടച്ചുകളയാന്‍ ആവശ്യപ്പെടും. കാമുകനായിരിക്കുമ്പോഴും രണ്‍ബീര്‍ ഇങ്ങനെ തന്നെയായിരുന്നുവെന്നും ആലിയ പറഞ്ഞിരുന്നു.
അഭിമുഖം പുറത്ത് വന്നതോടെ രണ്‍ബീറിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ വിഷയത്തില്‍ പ്രതികരിച്ച് രണ്‍ബീറും രംഗത്തെത്തിയിരുന്നു. ടോക്‌സിസിറ്റിക്കെതിരെയാണ് താനെന്നും അതിനായി തന്റെ മുഖം ഉപയോഗിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്.
‘അടുത്തിടെ, ഞാന്‍ ടോക്‌സിക്കാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. ടോക്‌സിക് മസ്‌കുലനിറ്റിക്ക് എതിരെ പോരാടുന്നവരുടെ ഒപ്പമാണ് ഞാന്‍. അവര്‍ എന്നില്‍ ടോക്‌സിക്കായൊരു മനുഷ്യന്റെ മുഖമാണ് കാണുന്നതെങ്കില്‍ അതെനിക്ക് പ്രശ്‌നമില്ല. കാരണം എന്നെ പറ്റി ആളുകള്‍ ഇങ്ങനെ പറയുമ്പോള്‍ എനിക്കുണ്ടാകുന്ന വിഷമത്തേക്കാള്‍ വലുതാണല്ലോ ടോക്‌സിക് മസ്‌കുലിനിറ്റിക്കെതിരെയുള്ള പോരാട്ടങ്ങള്‍,’ രണ്‍ബീര്‍ പറഞ്ഞു.
Content Highlight: Actress Alia Bhatt reacts to the lipstick controversy