ആലിയ ഭട്ടിന്റെ കഥാപാത്രത്തിന് വിമര്‍ശനം, ആര്‍.ആര്‍.ആര്‍ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് താരം, രാജമൗലിയെ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ട്
Film News
ആലിയ ഭട്ടിന്റെ കഥാപാത്രത്തിന് വിമര്‍ശനം, ആര്‍.ആര്‍.ആര്‍ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് താരം, രാജമൗലിയെ അണ്‍ഫോളോ ചെയ്തുവെന്നും റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th March 2022, 12:07 pm

എസ്.എസ് രാജമൗലിയുടെ ‘ആര്‍.ആര്‍.ആര്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ആര്‍.ആര്‍.ആര്‍.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് ചിത്രത്തില്‍ എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്.

എന്നാല്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ആലിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റാസി, ഹൈവേ, ഉഡ്താ പഞ്ചാബ്, ഡിയര്‍ സിന്ദഗി പോലെയുള്ള സിനിമകളില്‍ നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആലിയ ആര്‍.ആര്‍.ആറില്‍ ഏതാനും രംഗങ്ങളില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു.

Like Alia Bhatt's look in RRR? VOTE! - Rediff.com movies

താരത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ആര്‍.ആര്‍.ആറുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ച.

ഇന്‍സ്റ്റാഗ്രാമില്‍ രാജമൗലിയെ ആലിയ ഭട്ട് അണ്‍ഫോളോ ചെയ്തതായും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ നിലവില്‍ താരം രാജമൗലിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നുമുണ്ട്. അതേസമയം ചിത്രത്തിന് ഒറ്റദിവസം കൊണ്ട് 100 കോടി ലഭിച്ച വിവരവും ആലിയ ഇന്ന് പങ്കുവെച്ചിട്ടുണ്ട്.

മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷന്‍ ഒഴികെ മറ്റൊരു പ്രമോഷനും ആലിയ ഉണ്ടായിരുന്നില്ല എന്നതും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബോളിവുഡിലുടനീളമുള്ള താരപരിവേഷം പരിഗണിക്കുകയാണെങ്കില്‍ ആര്‍.ആര്‍.ആര്‍ ചിത്രത്തില്‍ ആലിയ ഭട്ടിന് മികച്ച കഥാപാത്രം നല്‍കുന്നതില്‍ രാജമൗലി പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയരുന്നു.

അതേസമയം, റിലീസ് ചെയ്ത് മൂന്നാം ദിനം ലോകമെമ്പാടും ബോക്‌സ് ഓഫീസ് കളക്ഷനില്‍ 500 കോടി രൂപയാണ് ആര്‍.ആര്‍.ആര്‍ നേടിയത്. ലോകമെമ്പാടുമായി 217 കോടി രൂപ നേടിയ ബാഹുബലി 2വിനെ മറികടന്ന്, 223 കോടി ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടി.

സഞ്ജയ് ദത്ത്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, ഒലിവിയ മോറിസ്, അലിസ ഡൂഡി, റേ സ്റ്റീവന്‍സ, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലായി ചിത്രം മാര്‍ച്ച് 25നാണ് തിയേറ്ററുകളിലെത്തിയത്

Content Highlight: actress alia bhatt deleted all posts related rrr from her instagram