| Saturday, 19th June 2021, 1:19 pm

അവാര്‍ഡ് ഷോകളില്‍ കണ്ട ആളേ അല്ലായിരുന്നു സെറ്റില്‍; ചിരിയും തമാശ പറച്ചിലുമൊന്നുമില്ല: ധനുഷിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാര്‍ത്തിക സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രമായ ജഗമേ തന്തിരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രമായ അറ്റില്ലയെ അവതരിപ്പിച്ച നടി ഐശ്വര്യ ലക്ഷ്മി. ധനുഷിനോപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ധനുഷ് പ്രോത്സാഹനം നല്‍കുന്ന രീതിയിലാണ് ഇടപെടാറുള്ളതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഏത് വികാരവും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന നടനാണ് ധനുഷെന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യനായത് ഭാഗ്യമായാണ് കരുതുന്നതെന്നും ഐശ്വര്യ പറഞ്ഞു.

‘ഏത് തരത്തിലുള്ള കഥാപാത്രവും വികാരങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നയാളാണ് ധനുഷ്. ആക്ഷനോ കോമഡിയോ ഡാന്‍സോ ഇമോഷണല്‍ രംഗങ്ങളോ എന്തായാലും അദ്ദേഹത്തിന് വളരെ എളുപ്പത്തില്‍ ചെയ്യാനാകും. അങ്ങനെ ഒരു അഭിനേതാവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

അധികം സംസാരിക്കാത്തയാളാണ് ധനുഷ്. സംസാരിച്ചാലും സീനുകളെ പറ്റിയായിരിക്കും സംസാരിക്കുക. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ വളരെ ഈസിയായിരുന്നു.

എന്റെ സീനുകളില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ ധനുഷ് ഇടപെടാന്‍ വരാറില്ല. ചെയ്ത സീന്‍ നന്നായാല്‍ നന്നായിട്ടുണ്ടെന്ന് നമ്മളോട് പറയും. അതെല്ലാം നമുക്ക് പ്രചോദനമാണ്.

ഷോട്ട് ഇല്ലാത്ത സമയത്ത് അദ്ദേഹം എവിടെയെങ്കിലും മാറിയിരുന്ന് പുസ്തകം വായിക്കുന്നതാണ് ഞാന്‍ മിക്കവാറും കാണാറുള്ളത്. വളരെ ഒച്ചത്തില്‍ സംസാരിക്കുകയോ തമാശ പറയുകയോ ചെയ്യുന്ന ഒരാളല്ല അദ്ദേഹം.

പക്ഷെ ഞാന്‍ മുന്‍പൊരിക്കല്‍ അവാര്‍ഡ് ദാന ചടങ്ങിന് പോയ സമയത്ത് വളരെ വൈബ്രന്റായി നില്‍ക്കുന്ന ഒരാളായിട്ടായിരുന്നു എനിക്ക് അദ്ദേഹത്തെ തോന്നിയത്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്താനായ ഒരാളാണ് ധനുഷ് ഷൂട്ടിംഗ് സെറ്റില്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ധനുഷിന്റെ നാല്‍പതാം ചിത്രമായ ജഗമേ തന്തിരം ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ് ചര്‍ച്ച ചെയ്യുന്നത്.

ലണ്ടനിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Aiswrya Lekshmi about Dhanush and Jagame Thandhiram

We use cookies to give you the best possible experience. Learn more