| Saturday, 2nd October 2021, 12:13 pm

അന്ന് വിഷമിച്ചിരുന്ന സമയത്ത് പിഷാരടി ചേട്ടന്‍ എന്റെയടുത്ത് വന്ന് ചില കാര്യങ്ങള്‍ പറഞ്ഞു; അനുഭവം പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നാല് വര്‍ഷം പിന്നിടുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രത്തിലൂടെ തുടങ്ങിയ ഐശ്വര്യയുടെ സിനിമാ ജീവിതം മണിരത്‌നത്തിന്റെ സിനിമയില്‍ വരെ എത്തിനില്‍ക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയ തന്നെ സംബന്ധിച്ച് ലഭിച്ചതെല്ലാം ബോണസാണെന്ന് പറയുകയാണ് ഐശ്വര്യ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത്.

”സിനിമയില്‍ എത്തുമെന്ന് വിചാരിക്കാതെ ഇവിടെ എത്തിയ ഒരാളാണ് ഞാന്‍. നിരവധി മനോഹരമായ കഥാപാത്രങ്ങള്‍ എനിക്ക് ഈ യാത്രയില്‍ ലഭിച്ചു. പുറത്തുനിന്നുവരുന്നവര്‍ നേരിടേണ്ടി വരുന്നത്ര സ്ട്രഗിള്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് ഉണ്ടായിരുന്നില്ല.

പക്ഷേ ചിലയാളുകള്‍ എന്നെക്കാണുമ്പോള്‍ ഭയങ്കര സ്ട്രഗിളായിരുന്നല്ലേ സിനിമയിലേക്കുള്ള യാത്ര എന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ ഇങ്ങനെ ആലോചിക്കും. അങ്ങനെയല്ലല്ലോ എന്ന്.

നല്ലൊരു യാത്ര തന്നെയായിരുന്നു ഇതുവരെ. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിത്രങ്ങളുടെ ഭാഗമാകാന്‍ എനിക്ക് സാധിച്ചു. മണിരത്‌നം സാറിന്റേതുള്‍പ്പെടെ. അതുപോലെ തെലുങ്ക് സിനിമയൊന്നും ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവരൊക്ക എന്നെ വിളിച്ചു.

ഒരിക്കല്‍ ഞാന്‍ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കുകയാണ്. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയ്ക്കിടെയാണ്. ആ ചിത്രത്തില്‍ രമേഷ് പിഷാരടി ചേട്ടന്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അദ്ദേഹം വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരു വ്യക്തിയാണ്. സംസാരിച്ചിരിക്കാനൊക്കെ ഭയങ്കര രസമാണ്.
നമ്മള്‍ പ്രതീക്ഷിക്കാത്ത ചില പോയിന്റ്‌സൊക്കെ പുള്ളി പറയും.

നമ്മള്‍ മൂഡ് ഓഫ് ആണെങ്കിലും ആ ഒരൊറ്റ പോയിന്റില്‍ നമ്മള്‍ കൂളാവും. ഞാന്‍ എന്തോ ഒരു കാര്യത്തില്‍ വിഷമിച്ചിരിക്കുകയാണ്. പുള്ളി അടുത്തുവന്നപ്പോള്‍ ഞാന്‍ അക്കാര്യം പറഞ്ഞു. അപ്പോള്‍ പുള്ളി എന്നോട് ചോദിച്ചു. ഐശൂ ഒരു അഞ്ച് വര്‍ഷം മുന്‍പേ നീ വിചാരിച്ചോ നീ സിനിമയില്‍ വരുമെന്ന്, ഇങ്ങനത്തെ സിനിമകള്‍ കിട്ടുമെന്ന്, അപ്പോള്‍ കിട്ടുന്നതെല്ലാം ബോണസാണ്. അങ്ങനെ കാണൂ.. അതാണ് എന്റേയും ഇപ്പോഴത്തെ ഒരു മോഡ്. കിട്ടുന്നതെല്ലാം ബോണസാണ്,” ഐശ്വര്യ പറയുന്നു.

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിക്കുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. അധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഐശ്വര്യ എത്തുക.

നിരവധി ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി നായികയായി അണിയറയില്‍ ഒരുങ്ങുന്നത്. ബിസ്മി സ്‌പെഷ്യല്‍, കുമാരി തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് താരത്തിന് പ്രതീക്ഷയുള്ള മറ്റൊരു ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Aiswarya lekshmi Share an Experiance with Ramesh Pisharody

We use cookies to give you the best possible experience. Learn more