| Sunday, 6th November 2022, 9:52 pm

സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നാണ് എന്റെ വിശ്വാസം, ടെക്‌നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകളെ എനിക്ക് അറിയാം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്നാണ് തന്റെ വിശ്വാസമെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ടെക്‌നിക്കല്‍ സൈഡ് കൈകാര്യം ചെയ്യുന്നത് സ്ത്രീയാണെന്നത് പെട്ടെന്ന് അംഗീകരിക്കപ്പെടില്ലെന്ന് ഐശ്വര്യ പറഞ്ഞു.

ഇപ്പോള്‍ ചെറുതായി അതിലെല്ലാം മാറ്റം വന്നുവെന്നും സിനിമാമേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടുമെന്നും താരം പറഞ്ഞു. ക്ലബ് എഫ്.എം.യു.എ.ഇ ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

”സിനിമ ഇന്‍ഡസ്ട്രി മെയില്‍ ഡോമിനേറ്റഡാണെന്നാണ് എന്റെ വിശ്വാസം. സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതലായത് കൊണ്ടാണ് ഇവിടത്തെ മെയില്‍ ഡോമിനന്‍സ് നമുക്ക് ഫീല്‍ ചെയ്യുന്നത്.

സിനിമയിലെ ടെക്‌നിക്കല്‍ സൈഡിലും സ്ത്രീകള്‍ കുറവാണ്. എന്നാല്‍ ഇപ്പോള്‍ അത് മാറി മാറി വരുന്നുണ്ട്. കോസ്റ്റിയൂം സൈഡില്‍ സ്ത്രീയാണെന്ന് പറയുന്നത് കുറച്ചുകൂടെ ആളുകള്‍ സ്വീകരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീ കോസ്റ്റിയൂം സ്‌റ്റെലിസ്റ്റാണെന്ന് പറയുന്നത് പൊതുവേ വേഗത്തില്‍ അംഗീകരിക്കും. അതുപോലെ തന്നെയാണ് മേക്കപ്പ് ചെയ്യുന്നത്. അതും അംഗീകരിക്കപ്പെടാന്‍ എളുപ്പമാണ്.

അതേസമയം എഡിറ്റര്‍ സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ ‘എന്ത് എഡിറ്റര്‍ പെണ്ണാണോ’യെന്ന് ചോദിക്കും. എനിക്ക് അറിയാവുന്ന ബെസ്റ്റ് എഡിറ്ററാണ് ആര്‍തി ബജാജ്. അനുരാഗ് കശ്യപ് സാറിന്റെ സിനിമകളുടെ എഡിറ്ററാണ്. ഞാന്‍ കണ്ടതില്‍വെച്ചുള്ള ഏറ്റവും നല്ല എഡിറ്ററാണ് അവര്‍.

അമ്മു എന്ന എന്റെ ചിത്രത്തിന്റെ എഡിറ്റര്‍ രാധ ശ്രീധറാണ്. അതുപോലെ തന്നെ ഡി.ഒ.പി സ്ത്രീ ആണെന്ന് അറിഞ്ഞാല്‍ കൂടുതല്‍ ചേദ്യങ്ങള്‍ വരും. അമ്മുവിന്റെ ഡി.ഒ.പി ചെയ്തത് അപൂര്‍വ അനിലാണ്, അവര്‍ സ്ത്രീയാണ്.

അങ്ങനെ നോക്കുമ്പോള്‍ ടെക്‌നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകള്‍ കുറവാണ്. പക്ഷേ സ്ത്രീകള്‍ കടന്ന് വരുന്നുണ്ട്. സിനിമയില്‍ പോകുന്ന സ്ത്രീകള്‍ മോശക്കാരാണെന്ന് പണ്ട് പറയാറുണ്ടായിരുന്നു.

ചിലപ്പോള്‍ അതുകൊണ്ടാകും സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരാന്‍ വൈകിയത്. ഇനി തീര്‍ച്ചയായും അതൊക്കെ പതിയെ പതിയെ കൂടും,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കുമാരിയാണ് ഐശ്വര്യയുടെ പുതിയ ചിത്രം. നിര്‍മല്‍ സഹദേവനാണ് ചിത്രം സംവിധാനം ചെയ്തത്. സ്വാസിക, തന്‍വി, സുരഭി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

content highlight: actress aiswarya lekshmi said that she believe there is male dominance in cinema

We use cookies to give you the best possible experience. Learn more