Entertainment
ഡാന്‍സ് കളിക്കാത്ത ഏതെങ്കിലും ഒരു എല്ലുണ്ടോ ശരീരത്തിലെന്ന് ഐശ്വര്യ ലക്ഷ്മി; രസികന്‍ മറുപടി നല്‍കി സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 04, 06:26 am
Thursday, 4th March 2021, 11:56 am

നടി സായ് പല്ലവിയുടെ നൃത്തത്തിന് സിനിമാലോകത്തും പ്രേക്ഷകര്‍ക്കിടയിലും ആരാധകരേറെയുണ്ട്. നടിയുടെ പുതിയ തെലുങ്ക് ചിത്രമായ ലവ് സ്‌റ്റോറിയിലെ സാരംഗ ദാരിയ എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗാനരംഗത്തിലെ സായ് പല്ലവിയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്.

സായ് പല്ലവിയുടെ ഡാന്‍സിനെ അഭിനന്ദിച്ചുകൊണ്ട് നടിമാരായ ഐശ്വര്യ ലക്ഷ്മിയും സാമന്തയുമെല്ലാം രംഗത്തെത്തിയിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ കമന്റും അതിന് സായ് പല്ലവി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘സായ്, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലുമുണ്ടോ ശരീരത്തില്‍?  എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഞാന്‍ ഇന്നലെ മുതല്‍ ആ പാട്ടും മൂളി നടക്കുകയാണ്,’ എന്നായിരുന്നു പാട്ടിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്. പാട്ടിലെ സ്റ്റെപ്പുകള്‍ തനിക്ക് പഠിപ്പിച്ചു തരണമെന്നും ഐശ്വര്യ എഴുതിയിരുന്നു.

സ്‌മൈലികള്‍ക്കൊപ്പമായിരുന്നു ഈ കമന്റിന് സായ് നന്ദി പറഞ്ഞത്. അടുത്ത തവണ കാണുമ്പോള്‍ നമുക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ചു കളിക്കാമെന്നും സായ് പല്ലവി മറുപടിയില്‍ പറഞ്ഞു.

ആദ്യ ചിത്രമായ പ്രേമം മുതല്‍ അഭിനയിച്ച മിക്ക ചിത്രങ്ങളിലും അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായാണ് സായ് പല്ലവി എത്തിയത്. മാരി 2വിലെ പ്രഭുദേവ കോറിയോഗ്രഫി ചെയ്ത റൗഡി ബേബി എന്ന പാട്ടിലെ ധനുഷിനൊപ്പമുള്ള സായ് പല്ലവിയുടെ ഡാന്‍സ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാഗചൈതന്യയോടൊപ്പമുള്ള ലവ് സ്റ്റോറിയാണ് സായ് യുടെ പുതിയ ചിത്രം. ചിത്രത്തിലെ പാട്ടുകള്‍ക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ സായ് പല്ലവിയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actress Aiswarya Lekshmi congratulates Sai Pallavi’s dance skills in new movie Love story, Sai replies