സൂര്യയും അപര്‍ണ ബാലമുരളിയും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് സൂരറൈ പോട്ര്. ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡും അപര്‍ണ നേടിയിരുന്നു.
സൂരറൈ പോട്രില്‍ താനും ഓഡിഷന് പങ്കെടുത്തിരുന്നുവെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അപര്‍ണ ചെയ്ത റോളിലേക്ക് നേരത്തെ താന്‍ ഓഡീഷന് ചെന്നിരുന്നുവെന്നും തനിക്ക് അത് ലഭിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു.
ബൊമ്മിയാവാന്‍ താന്‍ അനുയോജ്യയല്ലായിരുന്നുവെന്നും മധുരൈ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ലെന്നും അതുകൊണ്ടാണ് ആ വേഷം ലഭിക്കാതിരുന്നതെന്നും താരം പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഗാര്‍ഗി റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമ ഞാന്‍ സംവിധായകനൊപ്പം കണ്ടിരുന്നു. ഞാന്‍ ഈ റോള്‍ മറ്റൊരു രീതിയിലായേനെ ചെയ്യുകയെന്ന് സംവിധായകനോട് പറഞ്ഞു. സായ് പല്ലവി സ്‌ക്രീനില്‍ വലിയ മാജിക്ക് കൊണ്ടു വന്നു. പ്രേമം സിനിമ മുതല്‍ അവളെ ഇഷ്ടമാണ്.
അതിഥി ബാലനെയും എനിക്ക് വളരെ ഇഷ്ടമാണ്. അരുവിയില്‍ അത്രയും നന്നായി അവര്‍ അഭിനയിച്ചു. ഒപ്പം സൂരറൈ പോട്രിലെ അപര്‍ണ ബാലമുരളിയെയും എടുത്ത് പറയേണ്ടതാണ്.
അപര്‍ണ ചെയ്ത റോളിലേക്ക് ഞാന്‍ നേരത്തെ ഓഡിഷന് ചെന്നിരുന്നു. പക്ഷെ ലഭിച്ചില്ല. കാരണം, ഒന്ന് ഞാനതിന് അനുയോജ്യ ആയിരുന്നില്ല. ഒപ്പം ഞാന്‍ മധുരൈ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആര്‍ക്കാണ് റോള്‍ ലഭിച്ചതെന്ന് പിന്നീട് നോക്കിയിരുന്നു.
അപര്‍ണ ബാലമുരളിക്കാണ് ലഭിച്ചതെന്ന് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. അവള്‍ ഒരു ബ്രില്യന്റ് ആക്ടര്‍ ആണ്. അവള്‍ ആ റോള്‍ ചെയ്ത ശേഷം എനിക്ക് മറ്റാരെയും ആ റോളിലേക്ക് ചിന്തിക്കാന്‍ പറ്റിയില്ല. അപര്‍ണ പെര്‍ഫോം ചെയ്ത രീതി വളരെ മനോഹരമായിരുന്നു. അവരുടെ കെമിസ്ട്രിയും ഫയര്‍ ആയിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് ഗാട്ട ഗുസ്തി. രാക്ഷസന്‍ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു വിശാല്‍ ആണ് നായകന്‍. മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം കുമാരിയായിരുന്നു. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്.
content highlight: actress aiswarya lekshmi about soorarai pottru