| Monday, 17th October 2022, 12:24 pm

പൂങ്കുഴലി ആദ്യകാല ഫെമിനിസ്റ്റ്; സെക്‌സി ലുക്കൊന്നും വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

പൂങ്കുഴലിയാവാനായി താന്‍ നടത്തിയ ചില ശ്രമങ്ങളെ കുറിച്ചും പൂങ്കുഴലിയുടെ ലുക്കിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തമിഴ് ചാനലായ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി. സെക്‌സി ടച്ചുള്ള കഥാപാത്രമാണ് പൂങ്കുഴലിയെന്ന് തുടക്കത്തിലേ അറിയാമായിരുന്നെന്നും പൂങ്കഴലിയെ ആദ്യകാല ഫെമിനിസ്റ്റ് ആയൊക്കെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു.

‘പൊന്നിയിന്‍ സെല്‍വനില്‍ വാനതി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യം എന്റെ ടെസ്റ്റ് നടത്തിയത്. പക്ഷേ അന്ന് ലുക്ക് ടെസ്റ്റ് കഴിഞ്ഞുപോകുമ്പോഴും എന്റെ മനസ്സ് പറയുന്നുണ്ട് ‘വാനതിയല്ല നിന്റെ ക്യാരക്ടര്‍’ എന്ന്. പിന്നെ നോവല്‍ വായിക്കുന്തോറും പൂങ്കുഴലി എന്ന കഥാപാത്രം തന്നെ വല്ലാതെ ആകര്‍ഷിച്ചു. ആ കഥാപാത്രം തന്നെ ലഭിക്കണേയെന്ന് ആഗ്രഹിച്ചിരുന്നു.

ഓഡിഷന്‍ കഴിഞ്ഞ ശേഷവും പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞിരുന്നില്ല. വാനതിയെന്ന കഥാപാത്രമാണെന്നാണ് അവരും പറഞ്ഞിരുന്നത്.

അപ്പോഴും എന്റെ മനസില്‍ ഇരുന്ന് ആരോ പറഞ്ഞു, ആ കഥാപാത്രത്തെയല്ല നീ ചെയ്യേണ്ടതെന്ന്. അങ്ങനെ ജഗമൈ തന്തിരത്തിന്റെ ഷൂട്ട് ലണ്ടനില്‍ നടക്കുമ്പോള്‍ മണി സാറിന്റെ മാനേജറിന്റെ കോള്‍ വന്നു. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞു. ഇത് കേട്ടതോടെ ‘ഞാനാണോ പൂങ്കുഴലി?’ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു. അത്ര എക്‌സൈറ്റഡ് ആയിരുന്നു ഞാന്‍.

എങ്ങനെയും ആ ക്യാരക്ടര്‍ ചെയ്യണം എന്ന മോഹമായിരുന്നു. നാട്ടില്‍ വന്നിട്ട് ലുക്ക് ടെസ്റ്റ് ചെയ്താല്‍ മതിയെന്നു പറഞ്ഞെങ്കിലും എനിക്ക് തിടുക്കമായിരുന്നു. ഉടന്‍ തന്നെ ഞാന്‍ ടിക്കറ്റെടുത്ത് ചെന്നൈയിലെത്തി.

പൂങ്കുഴലിയുടെ ലുക്ക് ടെസ്റ്റ് കഴിഞ്ഞ ദിവസം മണി സര്‍ പറഞ്ഞത് ‘പൂങ്കുഴലി സെക്‌സിയാണ്. അവര്‍ക്ക് അവരുടെ സൗന്ദര്യത്തില്‍ വിശ്വാസമുള്ള സ്ത്രീയാണ്. ആ രീതിയിലേ അവരെ ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ എന്നാണ്. ഐശ്വര്യ കംഫര്‍ട്ടബിള്‍ ആണോ? ഞാന്‍ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക എന്നും പറഞ്ഞു.

ഞാന്‍ ബോള്‍ഡ് ക്യാരക്ടേഴ്‌സ് ചെയ്തിട്ടുണ്ട്. പക്ഷേ പൂങ്കുഴലി അതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. ഒരാളെ സെക്‌സിയായി പോട്രെയ്റ്റ് ചെയ്യുക എന്നതും ഒരു ചലഞ്ചാണ്.

അതുകൊണ്ട് തന്നെ എനിക്കതൊരു വിഷയമേ ആയിരുന്നില്ല. ഞാന്‍ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു. തഞ്ചാവൂരില്‍ നിന്നു ലങ്കയിലേക്ക് ഒറ്റ രാത്രി കൊണ്ട് കടലിലൂടെ തോണി തുഴഞ്ഞുപോകുന്ന കരുത്തയായ കഥാപാത്രമാണ് പൂങ്കുഴലി. അവരെ ഒരുപാടുപേര്‍ സ്‌നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കറിയാം. പക്ഷേ അതൊന്നും അവളെ സംബന്ധിച്ച് വിഷയമല്ല.

സമൂഹം എന്തു കരുതുന്നുവെന്ന് പൂങ്കുഴലി ചിന്തിക്കുന്നില്ല. ആദ്യകാല ഫെമിനിസ്റ്റ് എന്നൊക്കെ പൂങ്കുഴലിയെ കുറിച്ച് എനിക്കു തോന്നിയിരുന്നു.
പിന്നെ കഥാപാത്രത്തിന് വേണ്ടി ചില ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഫിസിക്കലി സ്‌ട്രോങ് ആവാന്‍ വേണ്ടി നന്നായി പരിശ്രമിച്ചിരുന്നു. വെയ്റ്റ് കുറച്ചു. മസില്‍ ഉണ്ടാക്കാനുള്ള ശ്രമം നടത്തി. നീന്തല്‍ പഠിച്ചു. തോണി തുഴയാന്‍ പഠിച്ചു. ഇതിനെല്ലാം കൂടി ഒന്നര മാസമേ കിട്ടിയിരുന്നുള്ളൂ, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മണിസാര്‍ ഒരു മാസ്റ്റര്‍ ക്ലാസാണെന്നും മനസ്സുകൊണ്ട് താന്‍ ഗുരുവായി കാണുന്നയാളാണ് അദ്ദേഹമെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു.

Content HIghlight: Actress Aiswarya Lekshmi about Poonkuzhali Character on Ponniyin Selvan

We use cookies to give you the best possible experience. Learn more