മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് നടി ഐശ്വര്യ ലക്ഷ്മി.
പൂങ്കുഴലിയാവാനായി താന്‍ നടത്തിയ ചില ശ്രമങ്ങളെ കുറിച്ചും പൂങ്കുഴലിയുടെ ലുക്കിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തമിഴ് ചാനലായ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി. സെക്‌സി ടച്ചുള്ള കഥാപാത്രമാണ് പൂങ്കുഴലിയെന്ന് തുടക്കത്തിലേ അറിയാമായിരുന്നെന്നും പൂങ്കഴലിയെ ആദ്യകാല ഫെമിനിസ്റ്റ് ആയൊക്കെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു.
‘പൊന്നിയിന്‍ സെല്‍വനില്‍ വാനതി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യം എന്റെ ടെസ്റ്റ് നടത്തിയത്. പക്ഷേ അന്ന് ലുക്ക് ടെസ്റ്റ് കഴിഞ്ഞുപോകുമ്പോഴും എന്റെ മനസ്സ് പറയുന്നുണ്ട് ‘വാനതിയല്ല നിന്റെ ക്യാരക്ടര്‍’ എന്ന്. പിന്നെ നോവല്‍ വായിക്കുന്തോറും പൂങ്കുഴലി എന്ന കഥാപാത്രം തന്നെ വല്ലാതെ ആകര്‍ഷിച്ചു. ആ കഥാപാത്രം തന്നെ ലഭിക്കണേയെന്ന് ആഗ്രഹിച്ചിരുന്നു.
ഓഡിഷന്‍ കഴിഞ്ഞ ശേഷവും പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത് എന്ന് പറഞ്ഞിരുന്നില്ല. വാനതിയെന്ന കഥാപാത്രമാണെന്നാണ് അവരും പറഞ്ഞിരുന്നത്.
അപ്പോഴും എന്റെ മനസില്‍ ഇരുന്ന് ആരോ പറഞ്ഞു, ആ കഥാപാത്രത്തെയല്ല നീ ചെയ്യേണ്ടതെന്ന്. അങ്ങനെ ജഗമൈ തന്തിരത്തിന്റെ ഷൂട്ട് ലണ്ടനില്‍ നടക്കുമ്പോള്‍ മണി സാറിന്റെ മാനേജറിന്റെ കോള്‍ വന്നു. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞു. ഇത് കേട്ടതോടെ ‘ഞാനാണോ പൂങ്കുഴലി?’ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു. അത്ര എക്‌സൈറ്റഡ് ആയിരുന്നു ഞാന്‍.
എങ്ങനെയും ആ ക്യാരക്ടര്‍ ചെയ്യണം എന്ന മോഹമായിരുന്നു. നാട്ടില്‍ വന്നിട്ട് ലുക്ക് ടെസ്റ്റ് ചെയ്താല്‍ മതിയെന്നു പറഞ്ഞെങ്കിലും എനിക്ക് തിടുക്കമായിരുന്നു. ഉടന്‍ തന്നെ ഞാന്‍ ടിക്കറ്റെടുത്ത് ചെന്നൈയിലെത്തി.