| Friday, 23rd December 2022, 1:39 pm

ആ കാരണം കൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്; പക്ഷെ അമ്മയും അച്ഛനും വിശ്വസിക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു പങ്കാളി തീര്‍ച്ചയായും വേണമെന്നും പക്ഷെ നിയമപരമായി വിവാഹം കഴിച്ചതിലൂടെ മാത്രമെ അത് സാധ്യമാകൂ എന്ന് താന്‍ ചിന്തിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞത്.

നിയമപരമായി വിവാഹം കഴിച്ചതിന് ശേഷം പിരിയുമ്പോഴുള്ള ലീഗല്‍ ഫോര്‍മാലിറ്റീസും കൗണ്‍സിലിങ്ങിനോടും തനിക്ക് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും നടി പറഞ്ഞു.

വീട്ടുകാരോടും ഇതിനെക്കുറിച്ച് പറഞ്ഞതാണെന്നും പക്ഷെ അവര്‍ ആ കാര്യം വിശ്വസിച്ചിട്ടില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കല്യാണം കഴിക്കണമെന്ന ഐഡിയ എനിക്ക് ഇല്ല. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം വിവാഹത്തിന് മുമ്പ് എന്ന കണ്‍സെപ്റ്റ് എനിക്ക് ഇല്ല. ഒരു പാര്‍ട്ട്ണര്‍ വേണം. പക്ഷെ നിയമപരമായി വിവാഹം കഴിച്ചിട്ട് മാത്രമായിരിക്കണമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍, കല്യാണത്തിന് ശേഷം സന്തോഷത്തോടെയും സമാധനത്തോടെയും ഇരിക്കാന്‍ കഴിയുന്നില്ലെന്ന് കരുതുക. അതിപ്പോള്‍ ഭര്‍ത്താവിനും സമാധാനം കിട്ടാത്ത അവസ്ഥ വരാം. ആ സാഹചര്യത്തില്‍ രണ്ട് പേരും പിരിയണം. പെട്ടെന്ന് പിരിയണം എന്നല്ല ഞാന്‍ പറയുന്നത്. ജീവിച്ച് നോക്കിയിട്ട് തീരെ പറ്റുന്നില്ലെങ്കില്‍ പിരയണമെന്നാണ് പറയുന്നത്.

പക്ഷെ ആ സമയത്ത് ഒരുപാട് ലീഗല്‍ ഫോര്‍മാലിറ്റീസ്, ആറ് മാസത്തെ കൗണ്‍സിലിങ്ങ് എന്നിവയുണ്ട്. അതിന്റെ റീസണ്‍ എനിക്ക് മനസിലാകും എന്നാലും എന്റെ ലൈഫില്‍ അത് വേണ്ട. അതുകൊണ്ട് വിവാഹം വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ഈ കാര്യങ്ങള്‍ എന്റെ വീട്ടില്‍ പറഞ്ഞതാണ്. പക്ഷെ അമ്മയും അച്ഛനും വിശ്വസിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ക്യമാറക്ക് മുന്നില്‍ നിന്നുകൊണ്ട് എനിക്ക് കല്യാണം വേണ്ടെന്ന് എടുത്ത് പറയുന്നത്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

തമിഴ് ചിത്രമായ ഗാട്ട ഗുസ്തിയാണ് ഐശ്വര്യയുടെ അവസാനം ഇറങ്ങിയ ചിത്രം. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരുള്ള വിഷ്ണു വിശാലാണ് ചിത്രത്തിലെ മെയില്‍ ലീഡ്. ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.

CONTENT HIGHLIGHT: actress aiswarya lekshmi about marriage

We use cookies to give you the best possible experience. Learn more