മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം മായാനദി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നത്.
താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു മായാനദിയിലെ അപ്പു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം സജീവമാകുകയാണ് ഐശ്വര്യ.
മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രം. തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ഗോഡ്‌സെയും അണിയറയില്‍ ഒരുങ്ങുകയാണ്.
സിനിമയെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്ന ഐശ്വര്യയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ നടനെ കുറിച്ചും ആ നടന്റെ പേരില്‍ തന്നെ വിഷമിക്കേണ്ടി വന്ന അനുഭവത്തെ കുറിച്ചുമൊക്കെയാണ് ഐശ്വര്യ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് ക്രഷ് തോന്നിയ ഏതെങ്കിലും നടനുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിരാജിനോട് തോന്നിയിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. പൃഥ്വിയുമായി ബന്ധപ്പെട്ട് തന്നെ താന്‍ വിഷമിച്ച ഒരു സന്ദര്‍ഭമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
‘ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മള്‍ ആക്ടര്‍ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പന്‍ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്. യഥാര്‍ത്ഥത്തില്‍ ഞാനല്ല ആ ടേം കോയിന്‍ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്.
അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. അന്ന് എനിക്ക് ചെയ്യാന്‍ പറ്റുന്നത് മാപ്പപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു. അത് ഞാന്‍ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഞാന്‍ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയില്‍ ഞാന്‍ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം ഞാന്‍ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
സഹതാരങ്ങളോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ജീവിതത്തില്‍ റിഗ്രെറ്റ് ചെയ്ത അവസരമൊന്നും ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു.
ചിലരുടെ സ്വഭാവത്തില്‍ നമുക്ക് അട്രാക്ഷന്‍ തോന്നും. അത് ഒരുപക്ഷേ ഇന്‍സ്പിരേഷനും ആവാം. നമ്മള്‍ ഇംപ്രസ്ഡ് ആവും. അതിനെ പ്രണയമെന്ന് പറയാന്‍ പറ്റില്ല, ഐശ്വര്യ പറഞ്ഞു.
മലയാളികള്‍ സ്മാര്‍ട്ടാണെന്നും ക്രിട്ടിക്കലാണെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു. തമിഴില്‍ അവര്‍ നമ്മളെ ഭയങ്കരമായി സ്വീകരിക്കും. പിന്നെ രണ്ടാമതൊരു ചാന്‍സ് അവര്‍ തരും. പക്ഷേ മലയാളികള്‍ അങ്ങനെയല്ല, ഐശ്വര്യ പറഞ്ഞു.
Content Highlight: Actress Aiswarya Lekshmi About Her Crush to Prithviraj