| Friday, 28th October 2022, 3:20 pm

ഈശ്വരാ മിന്നിച്ചേക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് പ്രൊമോഷന് പോകുക, മണിസാര്‍ എല്ലാ വീഡിയോയിലും എന്നെ ചെരിഞ്ഞ് നോക്കുന്നത് കാണാം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയില്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കിയ മലയാളികളുടെ ഇഷ്ടതാരമാണ് ഐശ്വര്യ ലക്ഷ്മി. പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ പ്രൊമോഷന് പോകുമ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

സ്റ്റേജില്‍ കേറി സംസാരിക്കാന്‍ തനിക്ക് നല്ല ഭയമുണ്ടായിരുന്നെന്നും സാധാരണയുള്ള തന്റെ സ്വഭാവം മറച്ചുവെച്ചാണ് താരങ്ങളുടെ കൂടെ സ്‌റ്റേജില്‍ ഇരുന്നതെന്നും ഐശ്വര്യ പറഞ്ഞു.

മണിരത്‌നത്തിന് തന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാമെന്നും അതുകൊണ്ട് അദ്ദേഹം തന്നെ ഇടക്കിടക്ക് ശ്രദ്ധിക്കാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പൊന്നിയില്‍ സെല്‍വന്‍ പ്രൊമോഷന്‍ അനുഭവങ്ങളെക്കുറിച്ച് താരം പറഞ്ഞത്.

”പൊന്നിയില്‍ സെല്‍വന്‍ പ്രൊമോഷന്‍സിന് പോകുമ്പോള്‍ നമ്മുടെ കൂടെയുള്ള വിക്രം സാര്‍, കാര്‍ത്തി സാര്‍, ജയം രവി, തൃഷ എല്ലാവരും സ്റ്റാര്‍സാണ്. ഐശ്വര്യ റായ് ഹൈദരബാദില്‍ മാത്രമാണ് പ്രൊമാഷന് വന്നത്. അതു കഴിഞ്ഞിട്ടുള്ള പ്രൊമോഷന് ഒന്നും ഞാന്‍ പോയിട്ടില്ല ഷൂട്ടിന് പോയതാണ്.

പ്രൊമോഷന് ഇവരൊക്കെ ഇരിക്കുമ്പോള്‍ എന്റെ സിനിമ ഞാന്‍ കാരണം താഴെ പോകാന്‍ പാടില്ല. അതു കാരണം ധൈര്യമൊക്കെ സംഭരിച്ചാണ് ഞാന്‍ ഇരിക്കുക. മുഖത്ത് എക്‌സ്പ്രഷന്‍ ഒന്നും വരാതെ സാധാരണ കച്ചറ സ്വാഭാവമൊന്നും പുറത്ത് വരാതെയാണ് അവരെ കൂടെ ഇരിക്കുക.

ഭയങ്കര കഷ്ടപ്പെട്ട് ഓരോ ഇവന്റിനും ഇരിക്കുകയായിരിക്കും. എനിക്ക് അറിയില്ലായിരുന്നു മണി സാര്‍ ഇതെല്ലാം നോട്ടീസ് ചെയ്യുന്ന കാര്യം. കാരണം എന്റെ സാധാരണ ഉണ്ടാകാറുള്ള സ്വഭാവം സാറിന് അറിയാമല്ലോ. സ്‌റ്റേജില്‍ കേറിയാല്‍ എനിക്ക് സംസാരിക്കാന്‍ അറിയില്ല. എനിക്ക് ടെന്‍ഷനാണ്. അതുകൊണ്ട് എന്റെ സ്വഭാവം ഇതല്ലെന്ന് സാറിന് അറിയാം.

പക്ഷേ ഇവരെല്ലാം സംസാരിക്കുന്നത് കണ്ടിട്ട് എനിക്ക് പ്രചോദനവും ആത്മവിശ്വാസവും കിട്ടിയിട്ടുണ്ട്. അവര്‍ സംസാരിക്കുമ്പോള്‍ അവരുടെ പെരുമാറ്റം വെച്ചിട്ട് ഞാന്‍ ഓരോന്ന് പഠിക്കാറുണ്ട്. പ്രൊമോഷന് പോയതിന്റെ വീഡിയോസ് ഒക്കെ ഇപ്പോള്‍ നോക്കുമ്പോള്‍ കാണുന്നത് മണിസാര്‍ എന്നെ ചെരിഞ്ഞ് നോക്കുന്നതാണ്. എഴുന്നേറ്റ് പോകുമ്പോഴും സ്‌റ്റേജില്‍ കേറുമ്പോഴൊന്നും ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.

ഒരോ തവണ സ്‌റ്റേജില്‍ കേറുമ്പോഴും ഈശ്വരാ മിന്നിച്ചേക്കണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുക. മണിസാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന് കാണുമ്പോള്‍ എനിക്ക് അത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന പോലെ അദ്ദേഹം എന്നെയും ഇഷ്ടപ്പെടുന്നുണ്ടല്ലോ,” ഐശ്വര്യ പറഞ്ഞു.

content highlight: actress aiswarya lakshmi about mani ratnam in the movie ponniyin selvan promotion

We use cookies to give you the best possible experience. Learn more