| Wednesday, 26th July 2023, 1:51 pm

കേരളത്തിലെ കഥകള്‍ കേള്‍ക്കുമ്പോള്‍ പേടിയാകുന്നു; സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ: ഐശ്വര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ ഭാസ്‌കരന്‍. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. ഇവിടെ എന്ത് സ്ത്രീ സുരക്ഷയാണുള്ളതെന്നും കേരളത്തില്‍ നിന്നുമുള്ള വാര്‍ത്തകള്‍ പേടിപ്പെടുത്തുന്നതാണെന്നും ഐശ്വര്യ സ്വന്തം യൂട്യൂബായ മള്‍ട്ടി മോമിയില്‍ പറഞ്ഞു.

ഷൂട്ടിങിന് പോയ സമയത്ത് താമസിച്ച ഹോട്ടലിലെ റൂം ബോയിയിലൂടെയാണ് കേരളത്തിലെ അവസ്ഥയെക്കുറിച്ച് താനറിയുന്നതെന്നും അവര്‍ പറഞ്ഞു.

‘പേടിപ്പെടുത്തുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കാനാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. കുട്ടിക്കാലത്തിനും സിനിമാ ഷൂട്ടിങ്ങിനും ശേഷം ഒരുപാട് കാലം കഴിഞ്ഞ് ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ എന്നെ ശരിക്കും ഭയപ്പെടുത്തി.

ഇടവേളയില്ലാതെയുള്ള ഷൂട്ടായിരുന്നു അത്. പക്ഷേ ഈ ഷെഡ്യൂളില്‍ എനിക്ക് ബ്രേക്ക് ലഭിച്ചു. അപ്പോള്‍ തിരുവനന്തപുരത്തെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാമെന്ന് കരുതി. എന്നാല്‍ ഷൂട്ടിങ് നടക്കുന്നത് കൊണ്ട് കാര്‍ ഒന്നും ഒഴിവില്ലെന്ന് സീരിയില്‍ ഷൂട്ട് ചെയ്യുന്ന കമ്പനി അറിയിച്ചു. ഓട്ടോറിക്ഷ പിടിച്ച് പോകാമെന്ന് ഞാനും കരുതി.

മൂന്ന് അമ്പലങ്ങളായിരുന്നു സന്ദര്‍ശിക്കാനുണ്ടായിരുന്നത്. രാവിലെ എന്റെ നിത്യ പൂജകള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിന് മുന്‍പ് തിരിച്ചു വരാന്‍ കഴിയും.

ഞാന്‍ താമസിച്ചുകൊണ്ടിരുന്ന ഹോട്ടലില്‍ അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. രാവിലെ പോകാന്‍ എവിടുന്നാണ് ഒരു ഓട്ടോ കിട്ടുക എന്ന് ചോദിച്ചു. എന്നാല്‍ കേരളത്തില്‍ എവിടെയും സുരക്ഷിതമല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു എന്ന് അവന്‍ പറഞ്ഞു.

അതുകേട്ട് ഞാന്‍ ഞെട്ടി. കേരളത്തില്‍ എന്താണ് നടക്കുന്നത് നിങ്ങള്‍ക്ക് അറിയില്ലെന്ന് അവന്‍ പറഞ്ഞു. അതിന് ശേഷം ഭയപ്പെടുത്തുന്ന കുറേ കാര്യങ്ങള്‍ അവന്‍ പറഞ്ഞു തന്നു. പെണ്‍കുട്ടിയെ പാമ്പിനെ കൊണ്ട് കൊത്തിച്ച സംഭവവും, ഭര്‍തൃവീട്ടില്‍ നിന്ന് ആത്മഹത്യ ചെയ്ത സംഭവവും, സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളുമെല്ലാം ഞാന്‍ കേട്ടിരുന്നു.

ഈ സംഭവങ്ങള്‍ അങ്ങേയറ്റം ഭയാനകമാണ്. അതുകൊണ്ട് കേരളത്തില്‍ എനിക്ക് വിശ്വാസമുള്ള എന്റെ സ്വന്തം ഡ്രൈവര്‍ക്കൊപ്പമോ അല്ലെങ്കില്‍ ഞാന്‍ തന്നെ സ്വന്തമായി ഡ്രൈവ് ചെയ്‌തോ പോകുന്നതാണ് നല്ലതെന്നും അവന്‍ എന്നോട് പറയുകയായിരുന്നു. അംഗരക്ഷകരൊന്നുമില്ലാതെ കുട്ടിക്കാലം മുതല്‍ ഞാന്‍ പോയിക്കൊണ്ടിരുന്ന ക്ഷേത്രങ്ങളില്‍ പോകാന്‍ സാധിക്കില്ലേ എന്ന് ഞാന്‍ എന്നോട് ചോദിക്കുകയായിരുന്നു.

എനിക്ക് തമിഴ്നാട്ടില്‍ സ്വന്തമായി ഒരു കാര്‍ ഇല്ല, പിന്നെന്തിനാണ് കേരളത്തില്‍ ഒരു കാര്‍ സ്വന്തമായി വാങ്ങണം. പണ്ടൊരിക്കല്‍ ഞാന്‍ ഷൂട്ടിങ് ആവശ്യമായി തിരുവല്ലയിലുള്ളപ്പോള്‍ ബസ് സ്റ്റോപ്പിലേക്കുള്ള റോഡില്‍ വെച്ച് ഒരു ആണ്‍കുട്ടി വന്ന് കാമുകിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്,’ അവര്‍ പറഞ്ഞു.

സ്ത്രീ സുരക്ഷയെക്കുറിച്ചാണ് തന്റെ ചോദ്യമെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു.

‘സ്ത്രീ സുരക്ഷയെക്കുറിച്ചാണ് എന്റെ ചോദ്യം. കേരളത്തില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നില്ല. എന്ത് സ്ത്രീ സുരക്ഷയെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഇവിടുത്തെ സ്ത്രീ സംഘടനകള്‍ എവിടെയാണ്.

ആരും ഒന്നും ചെയ്യുന്നില്ലെന്നാണ് അവന്‍ പറഞ്ഞത്. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവന്‍ പറഞ്ഞു. ആളുകള്‍ വോട്ട് ചെയ്തു വിജയിപ്പിച്ച സര്‍ക്കാര്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എങ്കില്‍ പിന്നെ എന്തിനാണ് വോട്ട് ചോദിച്ച് വരുന്നത്.

തിരിച്ച് വരുന്ന വഴിക്ക് ഈ കാര്യങ്ങളൊക്കെ ഞാന്‍ ഡ്രൈവര്‍മാരോട് ചോദിച്ചു. ഇത് സത്യമാണെന്ന് അവരും പറഞ്ഞു. പെണ്‍കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞു തിരിച്ചുവരുന്നത് വരെ ഞങ്ങള്‍ക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവര്‍മാര്‍ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ പേടിയായി.

ഞാന്‍ എന്റെ മകളോട് പറഞ്ഞു, എന്റെ ചെറുപ്പകാലത്ത് ഞാന്‍ വളരെ സുരക്ഷിതയായി ജോലി ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഇറങ്ങി നടക്കാന്‍ കഴിയാതായതെന്ന്. സ്ത്രീകള്‍ ഇപ്പോള്‍ സുരക്ഷിതരല്ല. ഇതുപോലത്തെ നിരവധി പ്രശ്‌നങ്ങളാണ് നടക്കുന്നത്. ചെറുപ്പക്കാരെ ഇത്തരത്തില്‍ അക്രമികളാക്കി വളര്‍ത്തുന്ന സിസ്റ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.

കോവിഡ് വന്നതിനു ശേഷം ഈ വൈറസ് ആളുകളുടെ തലയില്‍ ബാധിച്ച് മാനസിക രോഗികള്‍ ആക്കിയിരിക്കുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതല്‍ ഉള്ള നാട്ടില്‍ സ്‌കൂള്‍ മുതല്‍ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളര്‍ത്താന്‍.

കുട്ടികളെ തമിഴ്നാട്ടിലേക്ക് വിടൂ ഞങ്ങള്‍ അവരെ നല്ലത് പറഞ്ഞുകൊടുത്ത് വളര്‍ത്താം. എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് തമിഴ്‌നാടിന്റെ പോളിസി. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇതാണെങ്കില്‍ ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്‌തേ മതിയാകൂ.

ആരെയും മുറിവേല്‍പ്പിക്കാനോ മോശക്കാരാക്കാനോ അല്ല ഞാന്‍ ഇങ്ങനെയൊരു വിഡിയോ ചെയ്തത് ആക്രമണത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്,’ ഐശ്വര്യ പറഞ്ഞു.

content highlights: actress aiswarya about kerala

We use cookies to give you the best possible experience. Learn more