മലയാള സിനിമയിലുള്‍പ്പെടെ പല ചലച്ചിത്ര രംഗത്തും കാസ്റ്റിംഗ് കൗച്ചുണ്ടെന്നത് പല നടിമാരും തുറന്നു പറഞ്ഞ കാര്യമാണ്. ഇപ്പോഴും ഇത് തുടരുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദേശീയ പുരസ്‌കാര ജേതാവ് ഐശ്വര്യ രാജേഷ്. താന്‍ സിനിമാ രംഗത്ത് എത്തിയപ്പോള്‍ ഇതൊക്കെ കുറെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
കാക്കമുട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലും നിവിന്‍ പോളിക്കൊപ്പം സഖാവിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. “സിനിമ ഹിറ്റായി കഴിഞ്ഞാല്‍ പലരും പ്രത്യുപകാരം ചെയ്യുന്നതിന് അവസരം നല്‍കാമെന്ന തരത്തില്‍ സംസാരിക്കാറുണ്ട്. കൈ നിറയെ അവസരങ്ങളും മികച്ച വേഷവും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതിനെ ഒരു പീഡനമായി കാണാറില്ല” ഐശ്വര്യ പറയുന്നു.
“അവസരം ചോദിച്ച് വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ മേഖലയില്‍ ഇപ്പോളുമുണ്ട്. താനും ഇത് അനുഭവിച്ചതാണ്. സിനിമ എന്ന സ്വപ്നവുമായി വരുന്ന പെണ്‍കുട്ടികളുടെ മാനം കവരുന്ന പുരുഷന്മാര്‍ ഒരുകാര്യം ഓര്‍ക്കണം. അല്പനേരത്തെ സുഖത്തിനുവേണ്ടി തന്റെ അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം” താരം പറഞ്ഞു.
തനിക്ക് ഒരു നായികയാകാനുള്ള രൂപ സവിശേഷതയില്ലെന്ന് പലരും പറഞ്ഞിരുന്നെന്നും. കരിയറിന്റെ ആരംഭത്തില്‍ ഒരുപാട് നല്ല അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് തന്നെ പുറത്താക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
“നായികമാര്‍ വെളുത്തിരിക്കണം എന്ന മിഥ്യബോധമുള്ളവരായിരുന്നു തനിക്ക് അവസരങ്ങള്‍ നല്‍കാതിരുന്നത്. തന്റെ ഇരുണ്ട നിറമായിരുന്നു അതിനുകാരണം. എന്നാല്‍ അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണമെന്നത് തന്റെ വാശിയായിരുന്നു. ആ വാശിയില്‍ താന്‍ ജയിച്ചെന്നും റമ്മി, കാക്ക മുട്ടൈ, ധര്‍മദുരൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയമെല്ലാം അതിന് തെളിവാണ” ഐശ്വര്യ പറയുന്നു.