മണി രത്‌നത്തിന്റെ സ്വപ്‌നചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗത്തില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ എത്തുന്നത്.
മണി രത്‌നത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കാനായതിനെ കുറിച്ച് നിരവധി തവണ പറഞ്ഞിട്ടുള്ള നടി, അദ്ദേഹത്തിന്റെ സംവിധാനശൈലിയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്ക് എത്രത്തോളം പ്രിയപ്പെട്ട സംവിധായകനാണെന്ന് ഐശ്വര്യ പറയുന്നത്.
ഒരു സിനിമയില്‍ അഭിനേതാക്കള്‍ തമ്മിലുള്ളതിനേക്കാള്‍ കെമിസ്ട്രി വേണ്ടത് സംവിധായകരും ആക്ടേഴ്‌സും തമ്മിലാണെന്നാണ് ഐശ്വര്യ പറയുന്നത്. മണി രത്‌നവുമായി അത്തരത്തില്‍ കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാനായെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘സാര്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ആദ്യം പറഞ്ഞുതരും. ഇനി ഞാന്‍ ചെയ്യുന്നത് ആ രീതിയിലല്ല വരുന്നതെങ്കിലും രണ്ട് മൂന്ന് ടേക്കേ എടുക്കുള്ളു.
പിന്നീട് അദ്ദേഹം നോക്കുന്നത് ആക്ടര്‍ ചെയ്യുന്ന കാര്യം സീനിലേക്ക് എടുക്കാന്‍ പറ്റുന്നതാണോ അല്ലയോ എന്നാണ്. അഭിനേതാവ് എങ്ങനെയാണോ അവതരിപ്പിക്കുന്നത് അത് കൂടി ഉള്‍ച്ചേര്‍ത്താല്‍ സീന്‍ കുറച്ചുകൂടെ മെച്ചപ്പെടുത്താന്‍ സാധിക്കുമോയെന്ന കാര്യവും അദ്ദേഹം നോക്കും.
മണി സാറിന്റെ അടുത്ത് അഭിനയിക്കുമ്പോള്‍ അഭിനേതാക്കള്‍ക്ക് ആ ഒരു ഫ്രീഡം അനുഭവിക്കാനാകും. എന്തെങ്കിലും പറ്റുന്നില്ലെങ്കില്‍ പറ്റുന്നില്ല എന്ന് പറയാനും സാധിക്കും.
സാര്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായാണ് നമ്മള്‍ എന്തെങ്കിലും ചെയ്യുന്നതെങ്കിലും കുഴപ്പമില്ല. ടെന്‍ഷനടിക്കേണ്ട, സീനിലേക്ക് വര്‍ക്കാകുന്നത് ആണെങ്കില്‍ അങ്ങനെ തന്നെ നോക്കാമെന്ന് സാര്‍ പറയും.
സംവിധായകനോടൊപ്പം ആ ലെവലിലുള്ള അണ്ടര്‍സ്റ്റാന്റിങ്ങിലേക്ക് എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആക്ടേഴ്‌സ് തമ്മിലാണ് കെമിസ്ട്രി വേണ്ടതെന്ന് എല്ലാവരും പറയും. എന്നാല്‍ അങ്ങനെയല്ല, സംവിധായകനുമായാണ് കെമിസ്ട്രി വര്‍ക്ക് ഔട്ട് ചെയ്യാനാകേണ്ടത്.
ഒന്നും പറ്റാത്ത സമയമാണെങ്കിലും എന്റെ ഡയറക്ടര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യും എന്നൊരു കോണ്‍ഫിഡന്‍സ് അഭിനേതാക്കള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
‘സാര്‍ എന്നെ കൊണ്ട് ഈ സീന്‍ ചെയ്യാന്‍ പറ്റുന്നില്ല, എനിക്കിപ്പൊ കരയാന്‍ പറ്റുന്നില്ല, ഭയങ്കര ചൂടാണ്’ എന്നൊക്കെ ഞാന്‍ മണി സാറിനോട് പറഞ്ഞിട്ടുണ്ട്. അത്രയും കംഫര്‍ട്ടബിളായ സ്‌പേസുണ്ടായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന പൊന്നിയിന്‍ സെല്‍വനിലെ ഒരു ലിറിക്കല്‍ വീഡിയോയില്‍ ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയായിരുന്നു പ്രധാന കഥാപാത്രം. കടലും കടലിന്റെ നടുവിലൂടെ നീങ്ങുന്ന പായ്‌വഞ്ചിയുമാണ് വീഡിയോയിലുള്ളത്.
മഴക്കും കാറ്റിനുമെല്ലാം നടുവില്‍ പായ്‌വഞ്ചി ഒറ്റക്ക് നിയന്ത്രിക്കുകയാണ് ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രമായ പൂങ്കുഴലി. വല്ലവരായ വന്ദ്യദേവനായി എത്തുന്ന കാര്‍ത്തിയും വീഡിയോയിലുണ്ട്.
കടലില്‍ അലിഞ്ഞുനില്‍ക്കുന്ന പൂങ്കുഴലിയെയും അവളെ ആരാധനപൂര്‍വം നോക്കുന്ന വന്ദ്യദേവനയും വീഡിയോയില്‍ കാണാം. മനംമയക്കുന്ന വിഷ്വല്‍സാണ് ഈ ലിറിക് വീഡിയോയിലുള്ളത്.
500 കോടി ബജറ്റില്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് നിര്‍മിക്കുന്നത്. മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്.
സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്.
ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മിക്കൊപ്പം, ജയറാം, ലാല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്‍ എന്ന പൊന്നിയിന്‍ സെല്‍വന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Content Highlight: Actress Aishwarya Lekshmi shares experience with Mani Ratnam while acting in Ponniyin Selvan