| Wednesday, 2nd June 2021, 3:05 pm

മായാനദിയിലെ അപ്പുവിനെപ്പോലെ തന്നെയാണ് ഞാനും; മനസുതുറന്ന് ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അപര്‍ണയെന്നും മായാനദിയ്ക്ക് ശേഷം തനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതാണെന്നും പറയുകയാണ് ഐശ്വര്യ.

മായാനദിയുടെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് തന്നെ സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നെന്നും ഇപ്പോഴും തന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണെന്നും ഐശ്വര്യ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അപ്പുവിന്റെ പോലെ ഒരുപാട് ഇന്‍സെക്യൂരിറ്റീസ് ഉള്ള എന്നാല്‍ പുറമേ ബോള്‍ഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാന്‍. ചില സമയങ്ങളില്‍ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയല്ലേയെന്നൊക്കെ കണ്‍ഫ്യൂഷന്‍ വരാറുണ്ട്.

തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. എനിക്കിപ്പോഴും ഒരുപാട് സംവിധായകരെയൊന്നും അറിയില്ല. ഞാനൊരു തുടക്കക്കാരിയാണ്. എനിക്ക് വേണ്ടി ആരും കഥകള്‍ എഴുതുന്നില്ല. അവര്‍ എഴുതുന്ന കഥകളിലെ കഥാപാത്രങ്ങളിലേക്ക് ഞാന്‍ ക്ഷണിക്കപ്പെടുകയാണ്.

എന്റെ അടുത്ത് വരുന്ന കഥകളില്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യുന്നു. ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ അധികം വന്നിട്ടില്ല, ഐശ്വര്യ പറയുന്നു.

സിനിമ എന്നത് എന്നെ സംബന്ധിച്ച് പാഷനും പ്രൊഫഷനുമാണ്. സിനിമയെ അത്രയേറെ സീരിയസായാണ് കാണുന്നത്. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ ആ ടീമിന്റെ കൂടെ ആത്മാര്‍ത്ഥമായി നില്‍ക്കാറുണ്ട്. പൂര്‍ണമായും സിനിമയോടൊപ്പം നിലകൊള്ളുന്ന വ്യക്തി തന്നെയാണ് ഞാന്‍, ഐശ്വര്യ പറയുന്നു.

മുന്‍പ് താന്‍ അങ്ങനെ സിനിമ കാണുന്ന ഒരാളോ സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരാളോ അല്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് പലതും പഠിക്കാന്‍ സാധിച്ചെന്നും താരം പറയുന്നു.

‘പണ്ടൊരു ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമെന്നു പറയുകയല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഓരോ സീനിന്റെയും ബ്യൂട്ടി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഓരോ ഫ്രെയിം ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. സംവിധായകരായാലും ടെക്നീഷ്യന്മാരായാലും സഹപ്രവര്‍ത്തകരായാലും അവര്‍ ചെയ്യുന്ന ശൈലിയെല്ലാം നോക്കി പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ് അഭിനയം. സിനിമയും അഭിനയവും ഒരുപാട് സന്തോഷം തരുന്നതാണ്,’ ഐശ്വര്യ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Aishwarya Lakshmy About the Character On Mayanadi Movie

We use cookies to give you the best possible experience. Learn more