| Sunday, 4th December 2022, 8:03 am

അന്നെനിക്കൊരു മോശം സ്പര്‍ശമുണ്ടായി, അതിന് ശേഷം മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കാന്‍ ഭയമായിരുന്നു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരാള്‍ മോശമായി സ്പര്‍ശിച്ചതിനെക്കുറിച്ചാണ് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. താരം കോ പ്രൊഡ്യൂസ് ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ഗാര്‍ഗി എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. അനാവശ്യമായ സ്പര്‍ശനം തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ സംസാരിച്ചത്.

”എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ മോശമായ സ്പര്‍ശനം ഉണ്ടായിട്ടുണ്ടാവും. ചെറുപ്പത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് അങ്ങനെ ഒരു സംഭവം എനിക്കും ഉണ്ടായി. മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു.

കോയമ്പത്തൂരില്‍ വെച്ച് പ്രൊമോഷന്‍ നടന്നപ്പോഴും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ ഞാനങ്ങനെ എന്തെങ്കിലും വന്നാല്‍ പ്രതികരിക്കും. ചെറിയ വയസ്സില്‍ നമുക്ക് അറിയില്ല. എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് അപ്പോള്‍ അറിയില്ലായിരുന്നു.

അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ ഞാന്‍ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ധരിച്ചത്. അത്തരം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസില്‍ നില്‍ക്കും. ഇത്തരം പ്രശ്‌നങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ഗാര്‍ഗി പോലുള്ള സിനിമകളില്‍ അവ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഞാനത് ഇപ്പോഴും ഓര്‍ക്കുന്നു. ഈ സാഹചര്യം മാറുമോ എന്ന് ഉറപ്പില്ല. പക്ഷെ ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം.

ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. എന്നോ ഞാനാ സംഭവത്തെ തരണം ചെയ്തതാണ്. പക്ഷെ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് അന്ന് ഞാന്‍ കരുതിയിരുന്നു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് ഗാട്ട ഗുസ്തി. രാക്ഷസന്‍ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ വിഷ്ണു വിശാല്‍ ആണ് നായകന്‍. മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം കുമാരിയായിരുന്നു. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തത്.

Content highlight: actress Aishwarya Lakshmi talks about being touched badly by someone years ago

We use cookies to give you the best possible experience. Learn more