| Thursday, 3rd November 2022, 10:39 pm

ഇനി അടുത്ത കാലത്തൊന്നും സിനിമ നിര്‍മാണത്തിലേക്കില്ല, പഠിച്ചിട്ടേ വരത്തുള്ളൂ: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനിനി അടുത്ത കാലത്തൊന്നും സിനിമാ നിര്‍മാണത്തിലേക്ക് കടക്കില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആയിരുന്നു താരത്തിന്റെ പ്രതികരണം. തമിഴില്‍ സായ് പല്ലവി അഭിനയിച്ച ഗാര്‍ഗി, മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഐശ്വര്യ തന്നെ നായികയായ കുമാരി എന്നീ ചിത്രങ്ങളില്‍ താരവും നിര്‍മാണ പങ്കാളിയായിരുന്നു.

‘ഇനി അടുത്ത കാലത്തൊന്നും നിര്‍മാണത്തിലേക്കില്ല. നമുക്കറിയില്ലല്ലോ, പ്രത്യേകിച്ച് സാഹചര്യത്തില്‍ ആളുകള്‍ തിയേറ്ററിലേക്ക് വരുമോ, വരാതിരിക്കുമോ എന്നൊക്കെയുള്ള ഒരുപാട് ആശങ്കകള്‍ ഉണ്ട്. ഒരുപാട് തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതുകൊണ്ട് ഇനി അടുത്ത കാലത്തൊന്നുമില്ല, ഇനി പഠിച്ചിട്ടേ വരുന്നുള്ളൂ എന്ന കാര്യം എല്ലാവരോടും പറഞ്ഞിട്ടുണ്ട്,’ ഐശ്വര്യ പറഞ്ഞു.

ഗാര്‍ഗിയില്‍ ചെറിയ വേഷം ചെയ്തതിനെ പറ്റിയും ഐശ്വര്യ സംസാരിച്ചിരുന്നു. ‘നിര്‍മാതാവായതുകൊണ്ടാണ് ആ കഥാപാത്രം ചെയ്തത്. എനിക്ക് എങ്ങനെയെങ്കിലും ആ സിനിമയുടെ ഭാഗമാവണമെന്നുണ്ടായിരുന്നു. ഞാന്‍ ഇത് ചെയ്യണമെന്ന് ഗൗതമിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് സിങ്ക് സൗണ്ടിലായിരുന്നു സിനിമ ചെയ്തത്. മലയാളം കലര്‍ന്ന തമിഴാണ് ഞാന്‍ പറയുന്നത്. റിക്വസ്റ്റ് ചെയ്ത് വാങ്ങിയ റോളാണ്. അത് സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ്.

ചെറിയ റോള്‍ ചെയ്യുമ്പോഴുണ്ടാകുന്ന ഒരു പ്രശ്‌നം, പിന്നെ വിളിക്കുന്നത് മുഴുവന്‍ ചെറിയ റോളിലേക്കായിരിക്കും. പക്ഷേ ഞാന്‍ സൈഡ് ബൈ സൈഡ് നായികാ കഥാപാത്രങ്ങളും ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ചെറിയ റോളുകള്‍ മാത്രമായി പോവാതിരുന്നാല്‍ മതി. നല്ല സിനിമകളുടെ ചെറിയ ഭാഗമായാലും ഞാന്‍ ഓക്കെയാണ്. അതിന് വേണ്ടിയാണ് ഗാര്‍ഗി ചെയ്തത്,’ ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത കുമാരി ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്തത്. ഐശ്വര്യക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം, സുരഭി ലക്ഷ്മി, സ്ഫടികം ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.

Content Highlight: Actress Aishwarya Lakshmi says that she will not enter into film production in the near future

We use cookies to give you the best possible experience. Learn more