| Wednesday, 26th October 2022, 7:58 am

വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് നന്നായി അറിയാം, സെറ്റില്‍ നിന്നും പോയപ്പോള്‍ കരഞ്ഞു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യസിനിമയായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ തന്റെ അഭിനയം ഒട്ടും നന്നായിരുന്നില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. ആ ചിത്രത്തില്‍ വെച്ചാണ് അഭിനയം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് തോന്നിയതെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

‘എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ ആ സമയത്ത് ഒരു കാസ്റ്റിങ് കോള്‍ കണ്ടു. വെറുതെ ഒരു രസത്തിനാണ് ഫോട്ടോസ് അയക്കുന്നത്. അതിന് ശേഷം അല്‍ത്താഫിനെ മീറ്റ് ചെയ്തു, എന്റെ ആദ്യസംവിധായകനാണ്. അള്‍ത്താഫ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സിനോപ്‌സിസ് ഫോണില്‍ കാണിച്ചു തന്നു, ഇത് വായിച്ചോളൂ, ഇതാണ് സിനിമയെന്ന് പറഞ്ഞു. ക്യാരക്ടറിനെ പറ്റി പുള്ളി കുറച്ച് ഡീറ്റെയ്ല്‍ഡായി പറഞ്ഞുതന്നു. രണ്ട് ദിവസത്തിനുള്ളില്‍ ലുക്ക് ടെസ്റ്റ് വെച്ചു. അതിന് ശേഷമാണ് കഥാപാത്രത്തെ കിട്ടിയത്.

പക്ഷേ ആ സിനിമയില്‍ അഭിനയിച്ചത് കാരണമാണ് ഒരു നല്ല നടിയാവണമെന്ന് തോന്നിയത്. അവിടുന്നാണ് സിനിമയിലഭിനയിക്കണം, നല്ല ആക്ടറാവണം എന്നുള്ള ആഗ്രഹം വരുന്നത്. വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചതെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതില്‍ നിന്ന് എനിക്ക് കിട്ടിയത് ഒരു ഡ്രൈവിങ് ഫോഴ്‌സാണ്. എന്റെ കഴിവിന്റെ മാക്‌സിമം ഞാന്‍ എല്ലാ സിനിമയിലും കൊടുക്കണമെന്നുള്ള ഒരു ആഗ്രഹം അതില്‍ നിന്നാണ് വന്നത്.

പാക്ക് അപ്പ് ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു. എനിക്ക് സെറ്റ് ഭയങ്കരമായി മിസ് ചെയ്തു. ഓരോരോ ആള്‍ക്കാരെ മിസ് ചെയ്തു. ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോഴുള്ള ഫീലിങ്ങുണ്ടല്ലോ, ചെയ്തുകൊണ്ടിരുന്നതിലൊന്നും എനിക്ക് സന്തോഷമുണ്ടായിരുന്നില്ല. എന്റെ സീന്‍ എടുത്തതിലൊന്നും ഞാന്‍ ഓകെയായിരുന്നില്ല. പക്ഷേ എന്താണ് തെറ്റ് എന്ന് കണ്ടുപിടിക്കാനുമറിയില്ല. പക്ഷേ എനിക്ക് പഠിക്കണമായിരുന്നു. ആ ഒരു ആഗ്രഹം തോന്നിപ്പിച്ച സിനിമ ആയിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള,’ ഐശ്വര്യ പറഞ്ഞു.

Content Highlight: Actress Aishwarya Lakshmi says that her acting in her debut film njandukalude nattil oridavela was not good at all

We use cookies to give you the best possible experience. Learn more