ഇന്ത്യന്‍ സിനിമക്ക് മമ്മൂക്ക നല്‍കിയ സമ്മാനമാണ് ദുല്‍ഖര്‍: ഐശ്വര്യ ലക്ഷ്മി
ഇന്ത്യന്‍ സിനിമക്ക് മമ്മൂട്ടി നല്‍കിയ സമ്മാനമാണ് ദുല്‍ഖര്‍ സല്‍മാനെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഇരുവരേയും ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്നും ഇരുവരുടേയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മുംബൈയില്‍ വെച്ച് കിങ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ദുല്‍ഖറിന് ഇത്രയും നല്ല ക്വാളിറ്റികള്‍ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയാം. കാരണം ഞാന്‍ മുമ്പ് മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ദുല്‍ഖറിന്റെയും ആരാധികയാണ്. ഇതെന്റെ ഹൃദയത്തില്‍ നിന്നുമാണ് പറയുന്നത്. ഇവര്‍ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്.
മലയാള സിനിമക്ക് ഇവരെ രണ്ട് പേരേയും കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യന്‍ സിനിമക്ക് മമ്മൂക്ക നല്‍കിയ സമ്മാനമാണ് ദുല്‍ഖര്‍,’ ഐശ്വര്യ പറഞ്ഞു.
കിങ് ഓഫ് കൊത്തയിലെ ചില രംഗങ്ങള്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ സിനിമയിലെ ചില രംഗങ്ങളോട് സാദൃശ്യമുണ്ടെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ദുല്‍ഖര്‍ വേദിയില്‍ വെച്ച് മറുപടി നല്‍കിയിരുന്നു.
ചില പോസും ചില ഡയലോഗും മറ്റു കാര്യങ്ങളും പുഷ്പയെ തോന്നിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സ്വാധീനമൊന്നും കൊത്തയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.
‘ഒരു ആക്ടര്‍ എന്ന നിലയിലും പെര്‍ഫോമര്‍ എന്ന നിലയിലും ബണ്ണിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 2019 മുതല്‍ നമ്മള്‍ കൊത്തയ്ക്കൊപ്പമുണ്ട്. മൂന്ന് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ചൊക്കെ ഉണ്ടാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങള്‍ക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ഒരു കോംപ്ലിമെന്റായി ഞാന്‍ എടുക്കുന്നു.
പക്ഷേ ഞങ്ങള്‍ ആരേയും ഇമിറ്റേറ്റ് ചെയ്യാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം ഉണ്ടാക്കാന്‍ കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്,’ ദുല്‍ഖര്‍ പറഞ്ഞു.
ലോകവ്യാപകമായി ഓഗസ്റ്റ് 24ന് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Actress Aishwarya Lakshmi says Dulquer Salmaan is Mammootty’s gift to Indian cinema