'ഐ ലവ് യൂ ചീഫ് മിനിസ്റ്റര്‍'; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് ഐശ്വര്യ ലക്ഷ്മി
Kerala
'ഐ ലവ് യൂ ചീഫ് മിനിസ്റ്റര്‍'; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച് ഐശ്വര്യ ലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 6:17 pm

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേരള സര്‍ക്കാരിന്റെ നടപടികളെ പ്രകീര്‍ത്തിച്ച് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയില്ലെന്നും എന്നാല്‍ കൊവിഡ് കാലത്ത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഐശ്വര്യ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പറഞ്ഞു.

ഐ ലവ് യൂ ചീഫ് മിനിസ്റ്റര്‍ എന്ന മുഖവുരയോടെയാണ് ഐശ്വര്യ തന്റെ അഭിപ്രായം പങ്കുവെച്ചത്. 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഐശ്വര്യയുടെ അഭിനന്ദനം.

എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കേരളം ഒരു കോടി ഡോസ് വാക്‌സന്‍ വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിരുന്നു. 70 ലക്ഷം ഡോസ് കൊവിഷില്‍ഡ് വാക്‌സിനും മുപ്പത് ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനിച്ചത്.

കൂടുതല്‍ വാക്‌സിനായി കേന്ദ്രത്തോട് നിരന്തരം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ സംസ്ഥാനം വേഗത്തിലാക്കിയത്.

മെയ് മാസത്തില്‍ തന്നെ പത്ത് ലക്ഷം ഡോസ് വാക്‌സിന്‍ കേരളത്തില്‍ എത്തിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സര്‍ക്കാരിന് ഉറപ്പുനല്‍കി എന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 Content Highlights: Actress Aishwarya Lakshmi praises Kerala govt over defense measures covid 19 in state