സായ് പല്ലവി നായികയായ ഗാര്‍ഗിയില്‍ ചെറിയ വേഷം ചെയ്തതിന്റെ കാരണം വിശദീകരിച്ച് നടി ഐശ്വര്യ ലക്ഷ്മി. സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹം മൂലമാണ് സംവിധായകന്‍ ഗൗതത്തിന് താല്‍പര്യമില്ലാതിരുന്നിട്ടും അഭിനയിച്ചതെന്ന് കോഴിക്കോട് വെച്ച് നടന്ന പ്രസ് മീറ്റില്‍ ഐശ്വര്യ പറഞ്ഞു.
ഗാര്‍ഗിയില്‍ ഒട്ടും പ്രാധാന്യമില്ലാത്ത കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്തിനാണ് ആ കഥാപാത്രം എന്ന് പോലും അറിയില്ല. നായികയുടെ സഹായത്തിന് എപ്പോഴെങ്കിലും ആ കഥാപാത്രമെത്തുമെന്ന് കരുതിയെങ്കിലും അങ്ങനെയില്ലായിരുന്നു. നിര്‍മാതാവായിട്ടും എന്തിനായിരുന്നു അങ്ങനെയൊരു കഥാപാത്രം തെരഞ്ഞെടുത്തത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
‘നിര്‍മാതാവായതുകൊണ്ടാണ് ആ കഥാപാത്രം ചെയ്തത്. എനിക്ക് എങ്ങനെയെങ്കിലും ആ സിനിമയുടെ ഭാഗമാവണമെന്നുണ്ടായിരുന്നു. ഞാന്‍ ഇത് ചെയ്യണമെന്ന് ഗൗതമിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് സിങ്ക് സൗണ്ടിലായിരുന്നു സിനിമ ചെയ്തത്. മലയാളം കലര്‍ന്ന തമിഴാണ് ഞാന്‍ പറയുന്നത്. റിക്വസ്റ്റ് ചെയ്ത് വാങ്ങിയ റോളാണ്. അത് സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ്.
ചെറിയ റോള്‍ ചെയ്യുമ്പോഴുണ്ടാകുന്ന ഒരു പ്രശ്‌നം, പിന്നെ വിളിക്കുന്നത് മുഴുവന്‍ ചെറിയ റോളിലേക്കായിരിക്കും. പക്ഷേ ഞാന്‍ സൈഡ് ബൈ സൈഡ് നായികാ കഥാപാത്രങ്ങളും ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. ചെറിയ റോളുകള്‍ മാത്രമായി പോവാതിരുന്നാല്‍ മതി. നല്ല സിനിമകളുടെ ചെറിയ ഭാഗമായാലും ഞാന്‍ ഓക്കെയാണ്. അതിന് വേണ്ടിയാണ് ഗാര്‍ഗി ചെയ്തത്.
പക്ഷേ പറഞ്ഞതിനോട് ചെറിയ വിയോജിപ്പുണ്ട്. അവസാനം മോണോലോഗ് പോലൊരു പോഷനുണ്ട്, ഒരു ഫോണ്‍ കോളില്‍. അപ്പോള്‍ പറയുന്ന ഡയലോഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ അത് വായിച്ചപ്പോള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. പൊണ്ണാ പൊറന്തിട്ടേനാ ദിനം ദിനം യുദ്ധം താന്‍, അങ്ങനെ തുടങ്ങുന്ന മോണോലോഗ്, ഒരു സ്ത്രീയെന്ന നിലയില്‍ അത് പ്രധാനപ്പെട്ടതാണെന്ന് തോന്നി,’ ഐശ്വര്യ പറഞ്ഞു.
Content Highlight: Actress Aishwarya Lakshmi explains the reason behind her small role in Gargi movie